കോഴിക്കോട്: നിലമ്പൂർ വഴിക്കടവിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിൽ ഗൂഢാലോചന ഉണ്ടെന്ന ആരോപണത്തിൽ മലക്കം മറിഞ്ഞ് വനംമന്ത്രി എ.കെ ശശീന്ദ്രൻ. വിദ്യാർഥിയുടെ മരണത്തിൽ ഗൂഢാലചനയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
‘മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല. അതിനുശേഷം ഉള്ള പ്രതിഷേധങ്ങളിൽ ഗൂഢാലോചനയുണ്ടെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തുന്നത് സാധാരണമാണ്. വനംമന്ത്രിയെയും വകുപ്പിനെയും വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. മാധ്യമങ്ങൾ അറിഞ്ഞോ അറിയാതെയോ അതിന് കൂട്ടു നിൽക്കുന്നു..’മന്ത്രി പറഞ്ഞു.
അതേസമയം, വിദ്യാര്‍ഥിയുടെ മരണം രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം നടത്തിയത് നിലമ്പൂരിന് പുറത്തുള്ള ചില നേതാക്കന്മാരുടെ നേതൃത്വത്തിലാണെന്ന് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് പറഞ്ഞു. യുഡിഎഫിന്റെ പ്രതിഷേധത്തിനോട് വിയോജിക്കാനുള്ള കാരണം ആശുപത്രിയിലേക്കുള്ള വഴിയടക്കം തടഞ്ഞതിനാലാണ്. വീണ്ടു വിചാരമില്ലാതെ ആരെങ്കിലും അങ്ങനെ ചെയ്തെങ്കിൽ നേതാക്കന്മാർ ഇടപെട്ട് പരിഹരിക്കേണ്ടതായിരുന്നുവെന്നും സ്വരാജ് പറഞ്ഞു.



