കോഴിക്കോട് : കേരളാ തീരത്ത് തീപിടിച്ച എംവി വാൻ ഹായ് 503 കപ്പൽ കമ്പനി ഏജന്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബന്ധപ്പെട്ടു. അടിയന്തര ചികിത്സ നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബേബി മെമ്മോറിയൽ ആശുപത്രി അധികൃതരെ കമ്പനി ഏജന്റ് ബന്ധപ്പെട്ടത്. 10 ആംബുലൻസുകൾ ഒരുക്കി നിർത്തണമെന്ന് ആവശ്യപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. കോഴിക്കോട്ടെയും കണ്ണൂരിലെയും ആശുപത്രികളിൽ ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ സജ്ജമെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി. നിലവിൽ പരിക്കേറ്റ കപ്പൽ ജീവനക്കാരെ എവിടേക്കാണ് എത്തിക്കുകയെന്നതിൽ വ്യക്തതയായിട്ടില്ല. കണ്ണൂർ കോഴിക്കോട്, എറണാകുളം ജില്ലാകളക്ടർക്ക് സജ്ജീകരണങ്ങൾ നടത്താൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. 5 പേർക്ക് തീപിടിത്തത്തിൽ പൊള്ളലേറ്റതായാണ് വിവരം. ഇവരിൽ ഒരാളുടെ നില അതീവഗുരുതരമാണ്. എംവി വൺ മാർവെൽ കണ്ടെയ്‌നർ ഷിപ്പ് ഉപയോഗിച്ചാണ് 18 പേരെ രക്ഷപ്പെടുത്തിയത്. കപ്പലിലുണ്ടായിരുന്ന നാല് പേരെ കാണാതായിട്ടുണ്ട്. രണ്ട് തായ്‌വാൻ പൗരന്മാരെയും ഒരു ഇൻഡോനേഷ്യൻ പൌരനെയും ഒരു മ്യാൻമാർ പൗരനെയുമാണ് കാണാതായത്. കപ്പലിൽ അതിവേഗം തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളാണ് ഉണ്ടായിരുന്നതെന്ന് വിവരം.
കപ്പലപകടം: കോഴിക്കോട്ടെയും കണ്ണൂരിലെയും ആശുപത്രികളിൽ ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ സജ്ജം
RELATED ARTICLES



