മലപ്പുറം: നിലമ്പൂരിൽ ട്രെൻഡ് യുഡിഎഫിന് അനുകൂലമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫിനെ സഹായിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സ്ഥിരമായി യുഡിഎഫിന് വോട്ട് കിട്ടുന്ന ഇടങ്ങളിൽ മാത്രമാണ് ബിജെപിയുടെ പ്രചാരണം. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി മുഖ്യമന്ത്രിയെ പുകഴ്ത്തി. നിലമ്പൂരിൽ തുടങ്ങിയ വിശുദ്ധ സഖ്യം നിലമ്പൂരിൽ തന്നെ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വെൽഫെയർ പാർട്ടിയുടെ പിന്തുണയെച്ചൊല്ലിയുള്ള രാഷ്ട്രീയപ്പോര് മുറുകുകയാണ്. വെൽഫെയർ പാർട്ടിയുടെ പിന്തുണയെ വിമർശിക്കുന്നതിലൂടെ സിപിഐഎം അവസരവാദമാണ് വ്യക്തമാകുന്നതെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. സിപിഐഎമ്മിന് ആരെയും കൂട്ടാം. സിപിഐഎം തൊട്ടാൽ എല്ലാവരും ശുദ്ധമാകും. സിപിഐമ്മിന്റെ കൂടെ കൂടാത്തവരെ അശുദ്ധരായി കാണുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. ‘തൈലാതി വസ്തുക്കൾ അശുദ്ധമായാൽ പൗലോസ് തൊട്ടാൽ ശുദ്ധമാകുമെന്നും’ അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിൻ്റ അവസരവാദനയം കേരള ജനതയ്ക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി



