തെഹ്‌റാന്‍: രാജ്യത്തെ വിറപ്പിച്ച ആക്രമണങ്ങള്‍ക്ക് പിന്നാലെ, ഇറാന്‍ ഇസ്രായേലി ചാരന്‍മാര്‍ക്കായി തെരച്ചിലും നടപടികളും കടുപ്പിച്ചു. ഇറാനകത്ത് മൊസാദ് നടത്തുന്ന രഹസ്യ ആയുധശാല കണ്ടെത്തിയ ഇറാന്‍ അധികൃതര്‍ ഇസ്രായേല്‍ ആയുധങ്ങള്‍ കടത്തുകയായിരുന്ന വാഹനവും പിടികൂടി. രണ്ട് മൊസാദ് ചാരന്‍മാരെ പിടികൂടിയതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ഇറാനു വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റം ചുമത്തി ഒരു ഇറാന്‍ പൗരനെ ഇന്ന് വധിച്ചു.ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം നാലാം ദിവസത്തേക്ക് കടന്നതിന് ഇടയിലാണ് രാജ്യത്തിനുള്ളില്‍ മൊസാദിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സ്ഥിരീകരിച്ച് ഇറാന്‍ സൈന്യം നടപടി കടുപ്പിച്ചത്. ഇറാന്റെ മണ്ണില്‍ മൊസാദിന്റെ രഹസ്യആയുധപ്പുരകളുണ്ടെന്നും അവിടേക്ക് ആയുധങ്ങളെയും കമാന്‍ഡോകളെയും ഒളിച്ചുകടത്തിയാണ് ആദ്യ ആക്രമണം നടത്തിയതെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.തലസ്ഥാനമായ തെഹ്‌റാന്റെ പ്രാന്ത പ്രദേശത്ത് മൊസാദ് അതീവരഹസ്യമായി നടത്തിയിരുന്ന ആയുധശാല കണ്ടെത്തിയതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ പ്രസ്ടിവി റിപ്പോര്‍ട്ട് ചെയ്തു. തെഹ്‌റാനില്‍നിന്നും കിലോ മീറ്ററുകള്‍ അകലെ ഒരു മൂന്ന് നില കെട്ടിടത്തിലാണ് മൊസാദ് തങ്ങളുടെ ആയുധശാല പ്രവര്‍ത്തിപ്പിച്ചത്. ഇസ്രായേലില്‍നിന്നും നിന്നും കടത്തിക്കൊണ്ടുവന്ന ഡ്രോണ്‍ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുക, സ്‌ഫോടക വസ്തുക്കള്‍ തയ്യാറാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുവന്നതെന്ന് ഇറാന്‍ പൊലീസ് അറിയിച്ചു. കെട്ടിടത്തില്‍നിന്നും പിടികൂടിയ ഡ്രോണ്‍ ഭാഗങ്ങളുടെയും ലോഹ വസ്തുക്കളുടെയും ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇറാനില്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ച പല ഡ്രോണുകളും സ്‌ഫോടക വസ്തുക്കളും ഇവിടെ നിര്‍മിച്ചതാണെന്നും പൊലീസ് പറഞ്ഞു.
ഇറാന്‍ ഇസ്രായേലി ചാരന്‍മാര്‍ക്കായി തെരച്ചിലും നടപടികളും കടുപ്പിച്ചു
RELATED ARTICLES



