അഹമ്മദാബാദ്: എയർ ഇന്ത്യയുടെ ബോയിംഗ് ഡ്രീം ലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം കൂടുതൽ സങ്കീർണതയിലേക്ക്. വിമാനത്തിന്റെ സുപ്രധാന വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്‌സിന് സാരമായ കേടുപാടുകളുണ്ടെന്നാണ് വിലയിരുത്തൽ. വിവരം വീണ്ടെടുക്കാനായി ഇപ്പോൾ അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. ഡിജിറ്റൽ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് കേടുപാട് പറ്റിയത്. ഇതിലെ വിവരങ്ങൾ വീണ്ടെടുക്കാൻ ബ്ലാക്ക് ബോക്‌സ് അമേരിക്കയിലേക്ക് അയക്കും. വാഷിംഗ്ടണിലെ നാഷണൽ ട്രാൻപോർട്ട് സേ്ര്രഫി ബോർഡിന്റെ ലബോറട്ടറിയിലാവും വിവരം വീണ്ടെടുക്കാനുള്ള ശ്രമം നടക്കുക.ജൂൺ 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു ഇന്ത്യയെ നടുക്കിയ ആകാശദുരന്തം നടന്നത്. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളൊഴികെ 241 പേരും മരിച്ചു. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്. ബി ജെ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാർത്ഥികളും സ്‌പെഷ്യൽ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്.



