ന്യൂഡല്‍ഹി: സംഘര്‍ഷാവസ്ഥ തുടരുന്ന ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഓപ്പറേഷന്‍ സിന്ധുവുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട എല്ലാ സഹായവും ഒരുക്കുമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു. ഇസ്രയേല്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ നിര്‍ദേശിച്ചു. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ ഇസ്രയേലില്‍ നിന്ന് ഒഴിപ്പിക്കാനുളള നീക്കം. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്നും 110 വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചിരുന്നു.
അതേസമയം, ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായിരിക്കെ അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രയേലിനുമെതിരെ പ്രതിഷേധം ശക്തമാണ്. വൈറ്റ് ഹൗസിന് പുറത്തും ന്യൂയോർക്ക് സിറ്റി, മാൻഹാട്ടൻ എന്നിവിടങ്ങളിലുമാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്. ഇറാൻ സംഘർഷത്തിൽ അമേരിക്ക ഇടപെടരുതെന്നും ഇനിയും യുദ്ധങ്ങൾ വേണ്ടെന്നുമുള്ള മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധങ്ങൾ അരങ്ങേറിയത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ‘ഹാൻഡ്‌സ് ഓഫ് ഇറാൻ’, വംശഹത്യക്ക് പണം നൽകുന്നത് നിർത്തണം എന്നെഴുതിയ പ്ലക്കാർഡുകളും പ്രതിഷേധക്കാരുടെ കയ്യിലുണ്ടായിരുന്നു



