മലപ്പുറം: നിലമ്പൂരിലെ 74.35 ശതമാനം പോളിംഗിൽ വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും. 2021 ലെ 76.60 ശതമാനം മറികടക്കാനായില്ലെങ്കിലും ഇത്തവണ നിലമ്പൂർ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പി വി അൻവർ പിടിക്കുന്ന വോട്ടുകൾ യുഡിഎഫിനെ ബാധിക്കുമെന്ന ആശങ്കയില്ല.
കോൺഗ്രസിനും ലീഗിനും നല്ല സ്വാധീനമുള്ള നിലമ്പൂരിൽ സ്വന്തം വോട്ടുകൾ ചോരാത്ത തരത്തിലുള്ള പ്രവർത്തനം നടത്തിയെന്നതാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ജയിക്കാമെന്ന കണക്കുകൂട്ടൽ സിപിഎമ്മിനുമുണ്ട്. പോളിംഗ് വലിയ തോതിൽ കൂടാത്തത് എം സ്വരാജിന് കൂടുതൽ അനുകൂലമാകുമെന്നാണ് നിഗമനം. സ്വാധീന മേഖലകളിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച പി വി അൻവർ മണ്ഡലത്തിലെ പിന്തുണ തെളിയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.



