നിലമ്പൂര്‍: ‘സതീശനിസം’ എന്നൊന്നില്ലെന്നും തിരഞ്ഞെടുപ്പ് വിജയമെന്നത് മുഴുവന്‍ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പിന്തുണകൊണ്ട് ഉണ്ടാകുന്നതാണെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. പിണറായിസത്തിനും സതീശനിസത്തിനും എതിരെയാണ് തന്റെ പോരാട്ടമെന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ വാക്കുകള്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
‘സതീശനിസം എന്നൊന്നില്ല. താനും ഉമ്മന്‍ ചാണ്ടിയും ഒരുമിച്ച് പതിനെട്ടോളം തിരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം കൊടുത്തവരാണ്. ആ തിരഞ്ഞെടുപ്പുകളിലെല്ലാംതന്നെ പൂര്‍ണമായ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പ്രവര്‍ത്തിച്ചതാണ്. പക്ഷേ, ഞങ്ങളാരും അതങ്ങനെ പറയാറില്ല. അതിന്റെ ആവശ്യവും ഇല്ല. കാരണം ഒരു തിരഞ്ഞെടുപ്പ് വിജയം എന്ന് പറയുന്നത് മുഴുവന്‍ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പിന്തുണകൊണ്ട് ഉണ്ടാകുന്നതാണ്. അതുകൊണ്ട് എല്ലാവരും ആ വിജയത്തിന് അവകാശികളാണ്’, അദ്ദേഹം പറഞ്ഞു.



