വാഷിങ്ടണ്‍: ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രായേലും യുഎസും ഒരു വർഷം മുന്നേ പരിശീലനം പൂർത്തിയാക്കിയാക്കിയെന്ന് യുഎസ് മാധ്യമങ്ങൾ. കൃത്യമായ ഏകോപനത്തോടെയാണ് ആക്രമണം നടത്തിയത്. ആക്രമണം ആണവ കേന്ദ്രങ്ങളിൽ മാത്രമാണെന്നും തിരിച്ചടിക്ക് ശ്രമിക്കരുതെന്നും തെഹ്റാനെ അറിയിച്ചെന്ന് വൈറ്റ്ഹൗസും പ്രതികരിച്ചു.
ഏറ്റവും കടുപ്പമേറിയ ആക്രമണം വേണ്ടിവന്നത് ഇസ്ഫഹാനിലെ ആണവകേന്ദ്രങ്ങളിലാണെന്നും ഫോർദോയേക്കാൾ സങ്കീർണമായിരുന്നു ഇവിടുത്തെ ആക്രമണമെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിച്ചാൽ കൂടുതൽ കനത്ത തിരിച്ചടിയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ തിരിച്ചടിച്ചാല്‍ കഴിഞ്ഞദിവസം രാത്രി നടന്നതുപോലെ ആവില്ലെന്നും ട്രംപ് അറിയിച്ചു. ഇറാനിൽ ഇനിയും ലക്ഷ്യ കേന്ദ്രങ്ങൾ ഉണ്ടെന്നും ഉടൻ സമാധാനം സാധ്യമായില്ലെങ്കിൽ ആ കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് ട്രംപ് അറിയിച്ചു.



