ന്യൂഡൽഹി: വിചാരണ തടവുകാരോട് കാണിക്കുന്നത് കടുത്ത അനീതിയാണെന്നും നീതിന്യായ വ്യവസ്ഥയുടെ പരസ്യമായ ലംഘനവുമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി.
ആധികാരിക രേഖകളും പാർലമെന്‍റിൽ തന്നെ വെളിവാക്കിയ കണക്കും പ്രകാരം 2022 ഡിസംബറിൽ ഇന്ത്യയിലെ ജയിലുകളിൽ ഒരു വർഷം മുതൽ 5 വർഷത്തിലധികവും നോക്കിയാൽ 1,34,799 വിചാരണ തടവുകാരുണ്ട്. ആകെയുള്ള തടവുകാരിൽ 76 ശതമാനവും വിചാരണ തടവുകാരാണ്.
ഡൽഹിയിൽ 2020ന് ശേഷം വിചാരണ തടവുകാരുടെ എണ്ണം 90 ശതമാനം ഉയർന്നു. ഒരു തടവുകാരന്‍റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റത്തിന് നൽകാവുന്ന ശിക്ഷയുടെ പകുതി കാലഘട്ടം പിന്നിട്ടാൽ അവർക്ക് നിർബന്ധമായും ജാമ്യം കൊടുക്കണമെന്ന് ഇന്ത്യൻ സി.ആർ.പി.സി 406എ പ്രകാരം ഭേദഗതി വരുത്തിയതാണ്. പക്ഷേ അത് പാലിക്കപ്പെടുന്നില്ല -ഇ.ടി. പറഞ്ഞു.
ഇത്തരം തടവുകാരിൽ ബഹുഭൂരിപക്ഷവും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തിൽ പെട്ടവരാണ്. നീതിന്യായ വ്യവസ്ഥക്ക് ഇവിടെ വിലയില്ലാതാവുകയാണ്. ഇന്ത്യയിലെ പരമോന്നത കോടതികൾ പോലും ഇത് ശക്തമായി ചൂണ്ടിക്കാണിക്കുകയും ഈ ദുഃസ്ഥിതി അടിയന്തിരമായി പരിഹരിക്കണമെന്നും പറഞ്ഞിട്ടുണ്ട്. സർക്കാർ ഇക്കാര്യത്തിൽ സത്വര നടപടികൾ കൈകൊള്ളാൻ മുന്നോട്ട് വരണമെന്നും എം.പി ആവശ്യപ്പെട്ടു.