തെൽ അവീവ്: ഇറാൻ വെടിനിർത്തൽ ധാരണ ലംഘിച്ചതായുള്ള ഇസ്രായേൽ വാദം കള്ളമെന്ന് ഇറാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്ന വാർത്തയാണ് ഇറാൻ നിഷേധിച്ചത്. ഇറാനിയൻ ടി.വിയെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ പ്രതികരിക്കാൻ ഇറാൻ സായുധ സേന എപ്പോഴും ജാഗ്രത പാലിക്കുമെന്ന് ഇറാന്റെ ഉന്നത സുരക്ഷാ ഏജൻസി പ്രസ്താവിച്ചതായി ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, വെടിനിർത്തൽ ധാരണയിൽ നിന്ന് പിറകോട്ട് പോയെന്ന് ആരോപിച്ച് ഇറാനെതിരെ ആക്രമണത്തിന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ഉത്തരവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ ധാരണ നിലവിൽ വന്നതിനു ശേഷവും ഇറാനിൽനിന്ന് രണ്ടു മിസൈലുകൾ തങ്ങളുടെ രാജ്യത്തേക്ക് തൊടുത്തുവിട്ടതായാണ് ഇസ്രായേൽ അറിയിച്ചത്.
കഴിഞ്ഞ 12 ദിവസമായി തുടരുന്ന ആക്രമണം നിർത്താൻ ചൊവ്വാഴ്ചയാണ് ഇറാനും ഇസ്രായേലും ധാരണയിലെത്തിയത്. ഇസ്രായേലും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതോടെ പശ്ചിമേഷ്യയിൽ സംഘർഷത്തിന് അയവുവന്നിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയും ചെയ്തു.ദയവായി അത് ആരും ലംഘിക്കരുതെന്ന് ട്രംപ് ആവശ്യപ്പെട്ടു. പിന്നാലെ ഇസ്രായേലും ഇറാനും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു. എന്നാൽ മണിക്കൂറുകൾക്കകം ഇസ്രായേൽ ആക്രമണത്തിന് ഉത്തരവിടുകയായിരുന്നു.



