തിരുവനന്തപുരം: വിസ്മയപ്പെടുത്തുന്ന രീതിയിൽ യു.ഡി.എഫ് അതിന്‍റെ അടിത്തറ വിപുലമാക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. അത് നിയമസഭ തെരഞ്ഞടുപ്പിനോ പഞ്ചായത്ത് തെരഞ്ഞടുപ്പിനോ മുമ്പെന്ന് താൻ പറയുന്നില്ല. അവർ ഇപ്പോൾ പല പ്ലാറ്റ്ഫോമുകളിൽ നിൽക്കുന്നവരായിരിക്കും. എന്തായാലും വിസ്മയകരമായിരിക്കും വിപുലീകരണം.
തൃക്കാക്കരയിലും പുതുപ്പള്ളിയിലും ചെയ്തതിന്റെ അത്ര ജോലി നിലമ്പൂരിൽ തനിക്ക് ചെയ്യേണ്ടി വന്നിട്ടില്ല. പകുതിയോളം ജോലി ചെയ്തത് പുതിയ നേതൃനിരയാണ്. ഈ ‘ടീം യു.ഡി.എഫ്’ കേരള രാഷ്ട്രീയത്തിൽ വിസ്മയം തീർക്കാൻ പോകുന്ന കൂട്ടുകെട്ടാണ്. നല്ല വാക്കുകൾ കേൾക്കുമ്പോൾ സുഖമുണ്ട്. ആ വാക്കുകളിൽ താൻ വീഴില്ല. ഇതല്ലായിരുന്നു ജനവിധിയെങ്കിൽ തന്നെക്കുറിച്ച് എന്തായിരിക്കും പറയുന്നതെന്നാണ് ആലോചിച്ചതെന്നും സതീശൻ കൂട്ടിച്ചേർത്തു.



