ചെന്നൈ: തെന്നിന്ത്യന്‍ ഭാഷകളിലെ പ്രമുഖനടി മീന ബിജെപിയില്‍ ചേരുമെന്നും പാര്‍ട്ടിയില്‍ സുപ്രധാന ചുമതലവഹിക്കുമെന്നും അഭ്യൂഹം. തമിഴ്നാട്ടിലെ പല പ്രമുഖരും ബിജെപിയില്‍ ചേരാനൊരുങ്ങുകയാണെന്നായിരുന്നു ഇതേപ്പറ്റി ചോദിച്ചപ്പോള്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന്റെ മറുപടി.
കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ മീന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് അവരുടെ ബിജെപി പ്രവേശത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങളും പ്രചരിക്കാന്‍ തുടങ്ങിയത്. തമിഴ്നാട്ടിലെ ബിജെപി ഭാരവാഹികളുടെ പട്ടിക ഉടന്‍ പുറത്തുവരും. അതില്‍ മീനയ്ക്കും നേരത്തേത്തന്നെ ബിജെപിയില്‍ ചേര്‍ന്ന ഖുശ്ബുവിനും സുപ്രധാനചുമതലകള്‍ ലഭിക്കുമെന്നാണ് പറയുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനോട് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകര്‍ ഇതേപ്പറ്റി ചോദിച്ചെങ്കിലും അദ്ദേഹം കൃത്യമായ മറുപടി നല്‍കിയില്ല. തമിഴ്നാട്ടില്‍ പല പ്രമുഖരും ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ള വിജയസാധ്യതയെയാണ് അത് സൂചിപ്പിക്കുന്നത് എന്നുമാണ് അദ്ദേഹം പറഞ്ഞത്.



