തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. വിഷയം ഡിഎംഇയുടെ ശ്രദ്ധയിലുംപെട്ടിട്ടില്ല. ഷെഡ്യൂൾ ചെയ്തതിൽ ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നത്. അത് സാങ്കേതിക പ്രശ്‌നംകൊണ്ടാണെന്നാണ് മനസിലാക്കുന്നത്. ശസ്ത്രക്രിയാ പ്രതിസന്ധി സംബന്ധിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം സമഗ്രമായി അന്വേഷിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതിന് പിന്നാലെ ബന്ധപ്പെട്ടവരുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. മെയ് മാസത്തിൽ യൂറോളജി വിഭാഗത്തിൽ 312 ശസ്ത്രക്രിയ നടന്നതായി ഡിഎംഇ റിപ്പോർട്ട് നൽകിയെന്ന് മന്ത്രി പറഞ്ഞു. മുൻ മാസങ്ങളിലെ കണക്കുകളിലും വലിയ വ്യത്യാസമില്ല. ഡിഎംഇ നൽകിയ വിവര പ്രകാരം നാല് ശസ്ത്രക്രിയയാണ് ഷെഡ്യൂൾ ചെയ്തത്. ഇതിൽ മൂന്ന് ശസ്ത്രക്രിയകൾ നടന്നു. പ്രോബിന് പ്രശ്‌നമുണ്ടായതിനാലാണ് ഒരെണ്ണം ചെയ്യാൻ കഴിയാതെവന്നതെന്നും മന്ത്രി വിശദീകരിച്ചു. കിഫ്ബി വഴി 700 കോടി രൂപ തിരുവനന്തപുരം മെഡിക്കൽ കോളേജിന് അനുവദിച്ചിരുന്നു. യൂറോളജി ഡിപ്പാർട്ട്‌മെന്റിനും ഗണ്യമായ തുക അനുവദിച്ചതാണ്. ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ കാര്യങ്ങൾ അന്വേഷിക്കണം. പോസ്റ്റ് പിൻവലിച്ചതടക്കുമുള്ള കാര്യങ്ങൾ ഡോക്ടറോട് ചോദിക്കണമെന്നും മന്ത്രി വ്യക്തമാക്കി.



