കണ്ണൂര്:പാനൂർ ബോംബ് നിർമ്മാണ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. വടകര മാടപ്പള്ളി സ്വദേശി ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശികളായ സജിലേഷ്, ജിജോഷ് എന്നിവരാണ് പിടിയിലായത്. ബോംബ് നിർമിക്കാനുള്ള വെടിമരുന്ന് ബാബുവിൽ നിന്നാണ് വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി.
രജിലേഷും ജിജോഷും ചേർന്നാണ് വെടിമരുന്ന് വാങ്ങി മുഖ്യപ്രതികൾക്ക് കൈമാറിയതെന്നാണ് പൊലീസ് പറയുന്നത്. മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ഏറെ നേരം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ രണ്ടുപേർ പരിക്കേറ്റ് ചികിത്സയിലാണ്. കേസിലെ രണ്ടാം പ്രതി ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. ആർഎസ്എസ് നേതാവ് കതിരൂർ മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സജിലേഷ്
രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാൻ ലക്ഷ്യമിട്ടാണ് പ്രതികൾ ബോംബ് നിർമ്മിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രതികൾക്ക് ജാമ്യം നൽകിയാൽ രാഷ്ട്രീയ സംഘർഷത്തിന് സാധ്യതയുണ്ട്. മുഴുവൻ പ്രതികളുടെയും അറിവോടെയായിരുന്നു ബോംബ് നിർമ്മാണമെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു.