തൃശ്ശൂർ: എസ്എഫ്ഐഒ അന്വേഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. എസ്എഫ്ഐഒ അന്വേഷണം പിണറായി യുഗത്തിന് അന്ത്യം കുറിക്കുമെന്ന് കെ സുധാകരൻ വ്യക്തമാക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എസ്എഫ്ഐഒ വിഷയത്തിൽ യുടേൺ അടിച്ചെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. അന്വേഷണ ഭീഷണയിൽ മോദിയെ തൃപ്തിപ്പെടുത്താൻ അദാനിയുമായി തീർപ്പുണ്ടാക്കിയെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.
വീണാ വിജയൻ്റേത് ഷെൽ കമ്പനിയാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അന്വേഷണം പൂർത്തിയാകും വരെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യമെന്ന് വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു. എസ്എഫ്ഐഒ അന്വേഷണ കാലാവധി നീട്ടിയത് ഒത്തുതീർപ്പ് ചർച്ചയ്ക്കാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മകളുടെ വിഷയത്തിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് ചൂണ്ടിക്കാണിച്ച പ്രതിപക്ഷ നേതാവ് കരുവന്നൂർ കേസിലെ ഇ ഡി അന്വേഷണം ബിജെപിയുമായുള്ള അന്തർധാരയുടെ തെളിവാണെന്നും കുറ്റപ്പെടുത്തി. കരുവന്നൂർ കേസിൽ സിപിഐഎം നേതാക്കൾ ഉൾപ്പെട്ട അന്വേഷണം നിശ്ചലമായി. കുഴൽപണ കേസിൽ കെ സുരേന്ദ്രനെ ഒഴിവാക്കിയതിൻ്റെ പ്രത്യുപകാരമാണ് ഇതെന്നും വി ഡി സതീശൻ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗുമായി ചർച്ച തുടരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.