Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗവർണറുടെ അധികാരങ്ങൾ ഇനി കുട്ടികൾ പഠിക്കും;പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ കരിക്കുലം കമ്മിറ്റി അംഗീകാരം നൽകി

ഗവർണറുടെ അധികാരങ്ങൾ ഇനി കുട്ടികൾ പഠിക്കും;പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ കരിക്കുലം കമ്മിറ്റി അംഗീകാരം നൽകി

തിരുവനന്തപുരം: ഗവർണറുടെ അധികാരവും അധികാരപരിധികളും ഇനി സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾ പഠിക്കും. ഇവ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി അംഗീകാരം നൽകി. സാമൂഹ്യ ശാസ്ത്ര വിഷയത്തിലെ അവസാന പാഠത്തിലാണ് ഗവർണറുടെ അധികാരങ്ങളും അധികാരപരിധികളും വിഷയമാകുക.ഗവർണർക്കെതിരായ സമീപകാല കോടതി വിധികളും പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തും.

രാജ്‌ഭവനിലെ ഭാരതാംബ വിവാദങ്ങൾക്ക് പിന്നാലെ ഗവർണറുടെ അധികാരങ്ങളെ സംബന്ധിച്ച് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയതിന് പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം. വിദ്യാർത്ഥികൾ ഉൾപ്പെട്ട പരിപാടിയായിരുന്നതിനാൽ, ഇനി വിദ്യാർത്ഥികളും ഗവർണറെപ്പറ്റി പഠിക്കണം എന്നതായിരുന്നു മന്ത്രിയുടെ നിലപാട്.

നേരത്തെ കൃഷിമന്ത്രി പി പ്രസാദും രാജ്ഭവനിൽ ഭാരതാംബ ചിത്രം വെച്ചതിന് പിന്നാലെ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. കൃഷിവകുപ്പ് നടത്താനിരുന്ന പരിപാടി രാജ്ഭവനിൽ നിന്ന് അപ്പാടെ മാറ്റുകയാണ് മന്ത്രി ചെയ്തത്. ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിലുള്ളതല്ല യഥാർത്ഥ ഇന്ത്യൻ ഭൂപടമെന്നും, സർക്കാർ പരിപാടിയിൽ അവ ഉപയോഗിക്കാൻ സാധിക്കില്ല എന്നതുകൊണ്ടുമാണ് പരിസ്ഥിതിദിന പരിപാടി മാറ്റിയതെന്നും മന്ത്രി പി പ്രസാദ് വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള തുറന്ന പോരിനാണ് ഭാരതാംബ വിവാദം വഴിവെച്ചത്. രാജ്ഭവനിലെ എല്ലാ പരിപാടികൾക്കും ഭാരതാംബയുടെ ചിത്രവും പുഷ്പാർച്ചനയും ഉണ്ടാകുമെന്നായിരുന്നു ഗവർണറുടെ മറുപടി. രാജ്ഭവനിലെ ഔദ്യോഗിക പരിപാടികൾ അല്ലെങ്കിൽ പോലും ഔദ്യോഗിക ചിഹ്നങ്ങൾ മാത്രം ഉപയോഗിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്ക് കത്തും നൽകിയിരുന്നു. എന്നാൽ മന്ത്രി വി ശിവൻകുട്ടിയുടെ പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി, ഭാരതാംബയിൽ പിന്നോട്ടില്ലെന്നായിരുന്നു രാജ്ഭവന്റെ മറുപടി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments