ന്യൂഡല്‍ഹി: മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി മുതല്‍ കേസിലെ വസ്തുതകളെക്കുറിച്ച് ബോധ്യമുണ്ടെന്ന നിരീക്ഷണവുമായി സുപ്രിംകോടതി. കേസില്‍ ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വസ്തുതാപരമായ പിഴവുണ്ടെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകന്‍ വാദിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണം. വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു അല്ലെന്നും ജഡ്ജിമാരായ സുധാന്‍ഷു ധൂലിയ, രാജേഷ് ബിന്ദാല്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
അതേസമയം പിഴവ് ചൂണ്ടികാട്ടിയതാണെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. പിശക് മാറ്റാന്‍ സര്‍ക്കാരിന് അവസരം നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാരിന് പിഴവ് തിരുത്താന്‍ അവസരം നല്‍കണമെന്ന് എങ്ങനെ എതിര്‍കക്ഷിക്ക് പറയാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. തങ്ങളുടെ സത്യവാങ്മൂലത്തില്‍ പിഴവുണ്ടെങ്കില്‍ അത് ചൂണ്ടികാട്ടി കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുകയാണ് വേണ്ടതെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സില്‍ നിഷേ രാജന്‍ ഷൊങ്കര്‍ വാദിച്ചു.
സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ ഏഴാം ഖണ്ഡികയിലെ ചില പരാമര്‍ശങ്ങളോട് ആന്റണി രാജുവിന് വിയോജിപ്പ് ഉണ്ടെന്നാണ് സൂചന. കേസിന് ആസ്പദമായ തൊണ്ടിമുതല്‍ ആന്റണി രാജുവിന്റെ അഭിഭാഷകന്‍ വിചാരണ കോടതിയില്‍ നിന്നും കൈപറ്റിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലുള്ളത്. എന്നാല്‍ ലഹരിമരുന്നുകേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്റെ അമ്മാവനാണ് തൊണ്ടിമുതല്‍ കൈപ്പറ്റിയതെന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.