വത്തിക്കാൻ സിറ്റി : റഷ്യ–യുക്രെയ്ൻ സമാധാനചർച്ചയ്ക്ക് ആതിഥേയത്വം വഹിക്കാൻ വത്തിക്കാൻ തയാറാണെന്ന് ലിയോ മാർപാപ്പ. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയിൽ സ്ഥിരസമാധാനമാണ് ഉടൻ വേണ്ടതെന്നു മാർപാപ്പ പറഞ്ഞു. ഇറ്റലിയിലെ മലയോരപട്ടണമായ കസ്റ്റൽ ഗൺദോൽഫോയിലാണു മാർപാപ്പയെ സെലെൻസ്കി സന്ദർശിച്ചത്. രണ്ടാഴ്ച അവധി ചെലവഴിക്കാനാണു മാർപാപ്പ ഇവിടെയെത്തിയത്. സംഘർഷം അവസാനിപ്പിച്ച് ദീർഘകാല സമാധാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയുമായി വത്തിക്കാനിൽ ചർച്ച നടത്തുന്നത് സാധ്യമാണെന്ന് കൂടിക്കാഴ്ചയ്‌ക്കു ശേഷം വൊളോഡിമിർ സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു.
രണ്ടു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് ലിയോ മാർപാപ്പ വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തുന്നത്. മാർപാപ്പയായതിനു പിന്നാലെ വത്തിക്കാനിൽ മേയ് 18 നായിരുന്നു ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. തുടർന്ന് ജൂൺ നാലിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി മാർപാപ്പ ഫോണിൽ സംസാരിച്ചിരുന്നു. റഷ്യ–യുക്രെയ്ൻ സമാധാനചർച്ചയ്ക്ക് ആതിഥേയത്വം വഹിക്കാൻ ലിയോ മാർപാപ്പ താൽപര്യം അറിയിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മുൻപ് പ്രസ്താവിച്ചിരുന്നു. എന്നാൽ യുക്രെയ്‌നെ പിന്തുണയ്‌ക്കുന്ന ഇറ്റലിയാൽ ചുറ്റപ്പെട്ടിരിക്കുന്ന വത്തിക്കാൻ സമാധാന ചർച്ചയ്‌ക്ക് ഗൗരവമുള്ള വേദിയായി കണക്കാക്കുന്നില്ലെന്നാണ് റഷ്യൻ നിലപാട്.



