തിരുവനന്തപുരം: പി എം കുസും പദ്ധതി പ്രകാരം കേരളത്തിലെ കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ വിതരണം ചെയ്യുന്നതില്‍ 100 കോടിയുടെ ക്രമക്കേടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സൗരോര്‍ജ്ജ പമ്പുകള്‍ സ്ഥാപിക്കാനായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ബെഞ്ച് മാര്‍ക്ക് റേറ്റിന്റെ ഇരട്ടിയിലേറെ റേറ്റിന് കേരളത്തില്‍ ടെന്‍ഡര്‍ നല്‍കിയെന്നാണ് ആരോപണം. 60 ശതമാനം മുതല്‍ 147 ശതമാനം വരെ റേറ്റ് വര്‍ധനയാണ് ഉണ്ടായത്. ഇത് മൊത്തം ഇടപാടില്‍ ഏതാണ്ട് 100 കോടി രൂപയുടെ വ്യത്യാസമാണ് വരുത്തിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള കേന്ദ്ര പദ്ധതിയായ പിഎം കുസും പദ്ധതി കേരളത്തില്‍ അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ അഴിമതികളില്‍ ഒന്നായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തിയാണ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്.
കര്‍ഷകര്‍ക്ക് രണ്ടു കിലോവാട്ട് മുതല്‍ പത്ത് കിലോവാട്ട് വരെ ഉള്ള സൗരോര്‍ജ പ്ളാന്റുകള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനായി സൗജന്യമായി വെച്ചു നല്‍കാനുള്ള പദ്ധതിയാണിത്. ഇതിനെ അഴിമതിയുടെ കൂത്തരങ്ങായി മാറ്റിയിരിക്കുകയാണ് വൈദ്യുത മന്ത്രിയും അനര്‍ട്ടുമെന്നും അദ്ദേഹം പറഞ്ഞു. 240 കോടി രൂപയുടെ പദ്ധതിയില്‍ 100 കോടിയില്‍ പരം വരുന്ന ക്രമക്കേടും അഴിമതിയുമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.



