ന്യൂഡൽഹി: ഡൽഹി എൻസിആർ മേഖലയിൽ ഭൂചലനം രേഖപ്പെടുത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് ഡൽഹിയിലും സമീപപ്രദേശങ്ങളിലും പ്രകമ്പനമുണ്ടാകുന്നത്. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) പുറത്തുവിടുന്ന വിവരമനുസരിച്ച് റിക്‌ടർ സ്‌കെയ്‌ലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
രാത്രി 7.49ഓടെയാണ് പ്രദേശത്ത് 10 കിലോ മീറ്റർ ആഴത്തിൽ ഭൂചലനമുണ്ടായത്. വ്യാഴാഴ്‌ചയും ഇതേ സ്ഥലത്ത് 10 കിലോ മീറ്റർ ആഴത്തിൽ പ്രകമ്പനമുണ്ടായിരുന്നു. 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വ്യാഴാഴ്‌ച രാവിലെ 9.04ഓടെ അനുഭവപ്പെട്ടത്.
ഹരിയാനയിലെ ജജ്ജാറിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുകിഴക്കായും ഡൽഹിയിൽ നിന്ന് 51 കിലോമീറ്റർ പടിഞ്ഞാറുമായാണ് രണ്ട് ദിവസങ്ങളിലും അനുഭവപ്പെട്ട പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം. ജജ്ജാറിന് പുറമേ റോതക്, ഗുരുഗ്രാം, പാനിപ്പത്ത്, ഹിസാർ, നോയിഡ, മീററ്റ് എന്നിവിടങ്ങളിലും വ്യാഴാഴ്‌ച ഭൂചലനം രേഖപ്പെടുത്തി.



