ജിദ്ദ: ഐക്യരാഷ്ട്രസഭയിൽ ഫലസ്തീന് പൂർണ്ണാംഗത്വം നൽകുന്ന കരട് പ്രമേയം അംഗീകരിക്കുന്നതിൽ യു.എൻ രക്ഷാസമിതി പരാജയപ്പെട്ടത് അതീവ ദുഃഖകരമെന്ന് സൗദി അറേബ്യ. യു.എൻ സഭയിൽ ഫലസ്തീൻ രാജ്യത്തിന് പൂർണ അംഗത്വം നൽകുന്നത് തടസ്സപ്പെടുത്തുന്നത് ഇസ്രായേൽ അധിനിവേശം ശാശ്വതമാകാനും അന്താരാഷ്ട്ര നിയമങ്ങളുടെ തുടർച്ചയായ ലംഘനങ്ങൾ യാതൊരു തടസ്സവുമില്ലാതെ തുടരാനും സഹായിക്കുമെന്നും നാം ആഗ്രഹിക്കുന്ന സമാധാനത്തിലേക്ക് അടുക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഗസ്സയിൽ സിവിലിയൻമാർക്കെതിരായ ഇസ്രായേൽ ആക്രമണം തടയാനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന സൗദിയുടെ ആവശ്യം വിദേശകാര്യ മന്ത്രാലയം പുതുക്കി. അറബ് സമാധാന സംരംഭത്തിനും അന്താരാഷ്ട്ര പ്രമേയങ്ങൾക്കും അനുസൃതമായി ഫലസ്തീൻ ജനതയുടെ സ്വയം നിർണയത്തിനുള്ള അവകാശത്തെ പിന്തുണയ്ക്കുകയും 1967 ലെ അതിർത്തി പ്രകാരം കിഴക്കൻ ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് യു.എൻ രക്ഷാസമിതിയിൽ ഫലസ്തീന് പൂർണ്ണാംഗത്വം നൽകുന്നതിനുള്ള പ്രമേയം കൊണ്ടുവന്നത്. അമേരിക്ക പ്രമേയത്തിന് എതിരായ നിലപാട് എടുക്കുകയും വീറ്റോ ചെയ്യുകയുമായിരുന്നു.
ഐക്യരാഷ്ട്രസഭയിൽ ഫലസ്തീെൻറ അംഗത്വം അംഗീകരിക്കുന്നതിൽ സുരക്ഷാ കൗൺസിലിന്റെ പരാജയം ദുഃഖകരമാണെന്ന് ഒ.ഐ.സിയും വ്യക്തമാക്കി. ഫലസ്തീൻ ജനത ആക്രമണത്തിന്റെയും പീഡനത്തിന്റെയും വംശഹത്യയുടെയും ഏറ്റവും കഠിനമായ തലങ്ങളിലേക്ക് തുറന്നുകാട്ടപ്പെടുന്ന ഒരു സമയത്ത് ആ രാജ്യത്തിന് ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വം നൽകുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിലുള്ള യു.എൻ സുരക്ഷാ കൗൺസിലിന്റെ പരാജയം ദുഖകരമെന്ന് ഒ.ഐ.സി വ്യക്തമാക്കി. 75 വർഷമായി ഫലസ്തീൻ ജനതയുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട ചരിത്രപരമായ അനീതി നീട്ടിക്കൊണ്ടുപോകാൻ സഹായിക്കുന്നതാണിത്. ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ നിന്ന് അത് തടയുന്നുവെന്നും ഒ.ഐ.സി പറഞ്ഞു. ലോകത്തെ മറ്റ് രാജ്യങ്ങളെപ്പോലെ ഐക്യരാഷ്ട്രസഭയിൽ അതിന്റെ രാഷ്ട്രീയവും നിയമപരവുമായ പദവി സാക്ഷാത്കരിക്കാനുള്ള ഫലസ്തീന്റെ നിയമപരമായ അവകാശം ഒ.ഐ.സി സ്ഥിരീകരിച്ചു.