ബെര്‍ലിന്‍: ജർമനിയിൽ അള്‍ജീരിയന്‍ യുവതി കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം. നഴ്സിങ് ട്രെയിനിയായ റഹ്‌മ അയാദ്(26) ആണ് കൊല്ലപ്പെട്ടത്. ജർമനിയിലെ ഹാനോവർ നഗരത്തിൽ ജൂലൈ 4നാണ് സംഭവം നടന്നത്. തന്റെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ പടിക്കെട്ടിൽ വെച്ചാണ് റഹ്‌മക്ക് മാരകമായി കുത്തേല്‍ക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍ക്കാരനായ 31 കാരനായ ജർമൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതി മുമ്പ്, റഹ്‌മയുടെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചിരുന്നുവെന്ന് അയല്‍വാസികളായ ചിലര്‍ പറയുന്നുണ്ട്. ഹിജാബ്, അറബ് വംശജർ എന്നിങ്ങനെ പറഞ്ഞ് പ്രതി തന്നെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തതായി മകൾ മുമ്പ് പറഞ്ഞിട്ടുണ്ടെന്നാണ് റഹ്മയുടെ മാതാവ് പറയുന്നത്. അതേസമയം എന്താണ് കൊലപാതകത്തിന്റെ കാരണം എന്ന് വ്യക്തമല്ലെന്നും എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നുമാണ് ഹാനോവർ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കുന്നത്.
വടക്കുപടിഞ്ഞാറൻ ജർമ്മൻ നഗരത്തിലെ ഒരു ആശുപത്രിയിൽ നഴ്സിങ് ട്രെയിനിയായി ജോലി ചെയ്തുവരികയായിരുന്നു റഹ്മ. രണ്ട് വര്‍ഷമായി ജര്‍മനിയിലാണ് അവര്‍ താമസിക്കുന്നത്. അതേസമയം ഒറ്റപ്പെട്ട സംഭവമായി കാണരുതെന്നും വംശീയ അതിക്രമമായി പരിഗണിച്ച് കേസെടുക്കണമെന്നും ജർമനിയിലെ അൾജീരിയൻ , അറബ് സംഘടനകൾ ആവശ്യപ്പെട്ടു.



