റിയാദ്: വീട്ടിനുള്ളിൽ കടന്നുകയറി സൗദി പണ്ഡിതനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ഈജിപ്ഷ്യനായ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. എഴുത്തുകാരനും യൂനിവേഴ്‌സിറ്റി പ്രഫസറും ഗവേഷകനും ഹദീസ് പണ്ഡിതനുമായ ഡോ. അബ്ദുൽ മാലിക് ഖാദിയാണ് കൊല്ലപ്പെട്ടത്. 80 വയസുള്ള വയോധികനായിരുന്നു അദ്ദേഹം. പ്രതിയായ മഹ്മൂദ് അൽ മുൻതസിർ അഹ്മദ് യൂസുഫിനെ 42 ദിവസത്തിനുള്ളിൽ ശിക്ഷക്ക് വിധേയനാക്കുകയായിരുന്നു. ദമ്മാമിലെ കിങ് ഫഹദ് പെട്രോളിയം യൂനിവേഴ്‌സിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം മുൻ മേധാവിയായിരുന്ന ഡോ. ഖാദിയും ഭാര്യയും ദമ്മാമിലെ ദഹ്രാനിലാണ് താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു സംഭവം. തൊട്ടടുത്തുള്ള സൂപ്പർമാർക്കറ്റിലെ ഡെലിവറി ജീവനക്കാരനായ പ്രതിക്ക് പ്രഫസറെ നേരത്തെ പരിചയമുണ്ടായിരുന്നു. വീട്ടിൽ പ്രഫസറും ഭാര്യയും തനിച്ചാണെന്ന് അറിയുന്ന പ്രതി വാതിൽ തള്ളിത്തുറന്ന് അകത്തുകയറി ദമ്പതികളെ ആക്രമിക്കുകയായിരുന്നു.16 തവണയാണ് പ്രഫസറെ കുത്തിയത്. സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചു. ഭർത്താവിനെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യ അദ്‌ല ബിന്ത് ഹമീദ് മർദിനിയെ മർദ്ദിക്കുകയും കത്തി കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഗുരുതര മുറിവേറ്റ അവർ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. 42 ദിവസമായി ദമ്മാമിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. കൃത്യത്തിന് ശേഷം പ്രതി ആ വീട്ടിൽനിന്ന് 3,000 റിയാൽ മോഷ്ടിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ കിഴക്കൻ പ്രവിശ്യാ പൊലീസ് പ്രതിയെ പിടികൂടി. അതിവേഗം അന്വേഷണം പൂർത്തിയാക്കി കോടതിയിലെത്തിയ കേസിൽ വധശിക്ഷ വിധിച്ചു. ദമ്മാമിൽ വെച്ച് വ്യാഴാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കിയത്. മുൻകൂട്ടി ആസൂത്രണം നടത്തിയാണ് പ്രതി കൃത്യം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.
വീട്ടിനുള്ളിൽ കടന്നുകയറി സൗദി പണ്ഡിതനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ഈജിപ്ഷ്യനായ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
RELATED ARTICLES



