ഇന്ത്യ – പാക് സംഘർഷത്തിനിടെ 5 യുദ്ധവിമാനങ്ങൾ തകർന്നെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തലിലെ യാഥാർത്ഥ്യം എന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. മോദിജി സത്യം പറയണമെന്നും രാജ്യത്തിന് ഇതേകുറിച്ചറിയാൻ അവകാശമുണ്ടെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
ട്രംപിന്റെ പ്രസ്താവന പങ്കുവച്ചാണ് രാഹുൽ ഗാന്ധിയുടെ ചോദ്യം. പിന്നാലെ രൂക്ഷ വിമർശനവുമായി ബി ജെ പി രംഗത്തെത്തി. ട്രംപ് ഒരു രാജ്യത്തിന്റെയും പേര് പറഞ്ഞിട്ടില്ലെന്നും, രാഹുൽ എന്തുകൊണ്ടാണ് ഇന്ത്യയുടെ വിമാനമാണ് വീണതെന്ന് ഉറപ്പിക്കുന്നതെന്നും ബി ജെ പി നേതാവ് അമിത് മാളവ്യ ചോദിച്ചു.



