Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകാന്തപുരത്തെ പിന്തുണച്ച് ഗോകുലം ഗോപാലന്‍; അവഹേളന ശ്രമങ്ങള്‍ മതസൗഹാര്‍ദത്തിനു നേർക്കുള്ള വെല്ലുവിളിയെന്ന്

കാന്തപുരത്തെ പിന്തുണച്ച് ഗോകുലം ഗോപാലന്‍; അവഹേളന ശ്രമങ്ങള്‍ മതസൗഹാര്‍ദത്തിനു നേർക്കുള്ള വെല്ലുവിളിയെന്ന്

കോഴിക്കോട്: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരോക്ഷ വിമര്‍ശനവുമായി ഗോകുലം ഗോപാലന്‍. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ മതസൗഹാര്‍ദത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.‘മതേതരവാദികള്‍ എല്ലാം കാന്തപുരം ചെയ്ത നല്ല കാര്യത്തിനൊപ്പമാണ്’ എന്ന കാര്യം തിരസ്‌കരിക്കരുതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. കാന്തപുരം മനുഷ്യസ്‌നേഹത്തിന്റെ കേരള മാതൃകയാണ്. ജാതിക്കും മതത്തിനും അപ്പുറത്തെ മനവികതയാണ് കാന്തപുരം ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കുന്നതില്‍ കാന്തപുരം ഉസ്താദ് നടത്തിയ പ്രവര്‍ത്തനം രാജ്യത്തിന് തന്നെ ആശ്വാസം പകര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കാന്തപുരം പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സ്ഥിതിയിലാണ് കേരള സര്‍ക്കാരിനെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഗോകുലം ഗോപാലന്റെ പ്രതികരണം. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറയുന്നത് കേട്ട് ഭരിച്ചാല്‍ മതിയെന്ന സ്ഥിതിയാണ് സംസ്ഥാന സര്‍ക്കാറിനെന്നും സൂംബ വിവാദവും സ്‌കൂള്‍ സമയമാറ്റവും ഇതിന്റെ ഭാഗമാണെന്നുമാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. കോട്ടയത്ത് നടന്ന എസ്.എന്‍.ഡി.പി നേതൃസംഗമം പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

കൂടാതെ മലപ്പുറത്തെ കേന്ദ്രീകരിച്ചും മുസ്‌ലിങ്ങളെ ലക്ഷ്യമിട്ടും വെള്ളാപ്പള്ളി സംസാരിച്ചിരുന്നു. മുസ്‌ലിങ്ങള്‍ ജനസംഖ്യ വര്‍ധിപ്പിക്കുകയാണെന്നും അതുകൊണ്ട് താനെന്ന മലപ്പുറത്ത് നിയമസഭാ മണ്ഡലങ്ങള്‍ വര്‍ധിക്കുകയുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. പരിപാടിയില്‍ പങ്കെടുത്ത ഈഴവ സ്ത്രീകളോട് പ്രൊഡക്ഷന്‍ കുറയ്ക്കരുതേ എന്ന് പറഞ്ഞുകൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

നിലവില്‍ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സഹകരണ-തുറമുഖ മന്ത്രി വി.എന്‍. വാസവന്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് രംഗത്തെത്തി.എന്നാൽ, പരാമർശം വിവാദമായിട്ടും കാന്തപുരം എന്ത് കുന്തമെറിഞ്ഞാലും താൻ പറഞ്ഞ കാര്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വെള്ളാപ്പള്ളി നടേശൻ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments