ഷാർജ: ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. എമ്പാമിംഗ് നാളെ രാവിലെ 10ന് ഷാർജയിൽ നടക്കും. മൃതദേഹം നാളെ വൈകിട്ട് 5.40നുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരും.ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ അൽ നഹ്ദയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെ മരണത്തിൽ ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ മാതാവ് ഷൈലജ ഉൾപ്പെടെയുള്ള കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭർത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്.വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിലാണ് സംസ്‌കരിച്ചത്. ജബൽ അലിയിലെ ന്യൂ സോനാപൂർ ശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. രണ്ട് കുടുംബങ്ങളും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്‌കാരമാണ് നടന്നത്. തനിക്ക് യാത്രാ വിലക്കുള്ളതിനാൽ വൈഭവിയുടെ മൃതദേഹം യുഎഇയിൽ സംസ്‌കരിക്കണമെന്നത് വിപഞ്ചികയുടെ ഭർത്താവ് നിതീഷിന്റെ ആവശ്യമായിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് ചർച്ചയിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്‌കരിക്കാനും തീരുമാനമായത്.



