ബംഗളുരു: ലൈംഗിക പീഡനക്കേസില്‍ ജെ.ഡി.എസ് മുന്‍ എം.പി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കോടതി. ബലാത്സംഗം ചെയ്ത് മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച കേസിലാണ് വിധി. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.വിധി കേട്ടുകൊണ്ടിരിക്കെ കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. പ്രജ്വൽ പൊട്ടിക്കരഞ്ഞതായാണ് റിപ്പോർട്ട്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനാണ് പ്രജ്വൽ. രേവണ്ണക്കുള്ള ശിക്ഷ ശനിയാഴ്ച പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി. പ്രജ്വല്‍ രേവണ്ണയുടെ പേരിലുള്ള നാല് ലൈംഗിക പീഡനക്കേസുകളില്‍ ആദ്യത്തെ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെയാണ് ദൃശ്യങ്ങള്‍ പെന്‍ ഡ്രൈവ് വഴി പ്രചരിച്ചത്. പ്രജ്വല്‍ നിരവധി സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ ഹാസനിൽ പ്രജ്വലിന്‍റെ കുടുംബത്തിന്‍റെ പേരിലുള്ള ഫാമിൽ ജോലിക്കാരിയായ 48കാരി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 26 തെളിവുകള്‍ തെളിവായി നൽകിയത് കോടതി പരിശോധിച്ചിരുന്നു.
ഹാസന്‍ ലോക്‌സഭാ മണ്ഡലത്തിലെ ജെ.ഡി.എസ് സ്ഥാനാര്‍ഥിയായിരുന്നു പ്രജ്വല്‍. പെൻഡ്രൈവിലൂടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വോട്ടെടുപ്പ് ദിവസം രാത്രി പ്രജ്വല്‍ വിദേശത്തേക്ക് കടന്നു. തിരിച്ചുവന്നപ്പോള്ഴാണ് ബംഗളുരു വിമാനത്താവളത്തില്‍വെച്ച് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. പിന്നീട് പ്രജ്വൽ ജാമ്യത്തിലിറങ്ങി.പ്രജ്വലിനെതിരേ മൊഴികൊടുക്കുന്നത് ഒഴിവാക്കാന്‍ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയതിന് പ്രജ്വലിന്റെ പിതാവും എം.എൽ.എയുമായ എച്ച്.ഡി. രേവണ്ണക്കെതിരെയും അമ്മ ഭവാനിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.



