പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചകയറി ഒമ്പതുകാരിയെ കയറിപ്പിടിച്ച് ലൈംഗിക അതിക്രമം കാട്ടിയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. കൊട്ടാരക്കര കുളക്കട കിഴക്ക് മലപ്പാറ ചരുവിള കിഴക്കേതിൽ രാജേഷ് (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 31 ന് വൈകിട്ട് നാലരയോടെയാണ് സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയം സ്‌കൂട്ടറിൽ എത്തിയ ഇയാൾ അതിക്രമിച്ചകയറി കുട്ടിയെ ദേഹത്ത് കടന്നുപിടിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിപ്രകാരം പോക്‌സോ നിയമത്തിലെ വകുപ്പുകൾ കൂടിച്ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. പ്രതിയെ രാത്രി 12 ഓടെ കുളക്കടയിൽ നിന്നും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം വിശദമായി ചോദ്യം ചെയ്‌പ്പോൾ കുറ്റം സമ്മതിച്ചു. ഇയാൾ സഞ്ചരിച്ച സ്‌കൂട്ടർ സഹോദരൻ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. പ്രതിയുടെ ഫോട്ടോ എടുത്ത് കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. തുടർന്ന് ഇന്നലെ രാവിലെ 10 35ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



