തൃശൂർ: സിപിഐഎമ്മിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്. വോട്ടർപട്ടികയിലെ കള്ളങ്ങൾക്കെതിരായ സമരത്തെ ദേശീയതലത്തിൽ പിന്തുണയ്ക്കുന്ന സിപിഐഎം കേരളത്തിൽ നടക്കുന്ന കള്ളങ്ങൾക്ക് കൂട്ടുപിടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഡിസിസി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വേണുഗോപാൽ. തെരഞ്ഞെടുപ്പ് കൃത്രിമങ്ങൾക്കെതിരെ അന്തിമസമരത്തിന് സമയമായെന്നും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിടാൻ പോവുകയാണെന്നും വേണുഗോപാൽ പറഞ്ഞു.
അമേരിക്ക ഇന്ത്യക്കുമേൽ അധികതീരുവ ചുമത്തിയത് വിദേശനയത്തിന്റെ പരാജയമാണ്. ഇത് കർഷകരെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രിയിലെ കുറവ് ചൂണ്ടിക്കാട്ടിയ ഡോക്ടറെ കുറ്റവാളിയാക്കുന്ന സ്ഥിതിയാണ് കേരളത്തിലിപ്പോഴുള്ളത്. നാട് മൊത്തം ഡോക്ടർക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.



