ഭോപ്പാൽ: മധ്യപ്രദേശിൽ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രതിശ്രുത വരനൊപ്പം പുറത്തുപോയ ഇരുപതുവയസുകാരിയായ യുവതിയെ നാലംഗ സംഘമാണ് ബലാത്സംഗം ചെയ്തത്. ഇവരിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് അരവിന്ദ് ശ്രീവാസ്തവ പറഞ്ഞു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ചുർഹത് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതി ചൊവ്വാഴ്ച്ച പ്രതിശ്രുത വരനൊപ്പം പുറത്തുപോയതായിരുന്നു. കത്തൗത്ത റോഡരികിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്ത് ഇരുവരും അടുത്തുളള കുന്നിലേക്ക് പോയി. ഈ സമയത്ത് അവിടെയുണ്ടായിരുന്ന നാൽവർ സംഘം യുവാവിനെ ആക്രമിക്കുകയും യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു’ എഎസ്പി അരവിന്ദ് ശ്രീവാസ്തവ പറഞ്ഞു.
പ്രതികളുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടയുടൻ യുവതിയും യുവാവും സെമറിയ പൊലീസ് സ്റ്റേഷനിലെത്തി സംഭവം പൊലീസുകാരെ അറിയിക്കുകയായിരുന്നു. ഇരുവരുടെയും പരാതിയിൽ പൊലീസ് ഉടൻ കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അതേസമയം, സംഭവത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചോദ്യംചെയ്ത് പ്രതിപക്ഷമായ കോൺഗ്രസ് ബിജെപി സർക്കാരിനെതിരെ രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ മനുഷ്യരാശിക്കു തന്നെ അപമാനമാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ ഭയാനകമായ അവസ്ഥ എടുത്തുകാണിക്കുന്നതാണെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്‌വാരി പറഞ്ഞു.



