ചെന്നൈ: രാജ്യത്തെ വോട്ടർ പട്ടികയുടെ സമഗ്രത ചോദ്യംചെയ്ത് നടനും രാഷ്ട്രീയക്കാരനുമായ കമൽ ഹാസനും രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷ വിമർശനമാണ് കമൽ ഹാസൻ നടത്തിയത്. സ്വതന്ത്ര പരിശോധന സാധ്യമാക്കുന്ന, മെഷീൻ റീഡബിൾ ഫോർമാറ്റുകളിൽ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വിസമ്മതിച്ചത് എന്തുകൊണ്ടാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് രേഖാമൂലമുള്ള സത്യവാങ്മൂലം ആവശ്യപ്പെടാൻ കാരണമെന്താണെന്നും മക്കൾ നീതി മയ്യം (എംഎൻഎം) സ്ഥാപകൻ കമൽ ഹാസൻ ചോദിച്ചു.
കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വ്യാജ വോട്ടർമാരെക്കുറിച്ചുള്ള തർക്കങ്ങൾ തുടരുന്നതിനിടെയാണ് രാജ്യസഭാ എംപിയുടെ പ്രസ്താവന. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വ്യാജ വോട്ടുകൾ ഉണ്ടായിരുന്നുവെന്ന് കഴിഞ്ഞ ആഴ്ച രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.



