ജയിലില്‍ കിടക്കുന്ന നേതാക്കളുടെ ഭാര്യമാരെ വീണ്ടും വേദിയിലെത്തിച്ച് റാഞ്ചിയില്‍ ഇന്ത്യ മുന്നണിയുടെ റാലി. സുനീത കെജ്രിവാളും കല്‍പന സോറനുമായിരുന്നു റാഞ്ചി റാലിയിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. പ്രചാരണത്തിനിടെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനങ്ങള്‍ക്ക് റാലിയില്‍ നേതാക്കള്‍ മറുപടി നല്‍കി. അതേസമയം, റാലിക്കിടെ കോണ്‍ഗ്രസ് – ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മിലടിച്ചത് കല്ലുകടിയായി.
റാഞ്ചിയിലെ പ്രഭാത് താരെ മൈതാനം ഇന്ത്യ റാലിക്കെത്തിയവരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞു. ഹേമന്ത് സോറനും കെജ്രിവാളും ഒപ്പമുണ്ടെന്ന സന്ദേശം നല്‍കി വേദിയില്‍ ഇരുവരുടെയും പേരുകള്‍ എഴുതിയ കസേരകള്‍ ഇട്ടിരുന്നു. ഇരുനേതാക്കള്‍ക്കുമായി ഭാര്യമാരായ സുനിത കെജ്രിവാളും കല്പന സോറനും ശബ്ദമുയര്‍ത്തി. ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നത് മോദിക്ക് ഇഷ്ടമല്ലെന്നും ഏകാധിപത്യമാണ് തുടരുന്നതെന്നും ഇരുവരും ആഞ്ഞടിച്ചു.
മോദിയെ താഴെ ഇറക്കാന്‍ ജനം സജ്ജമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മോദി നുണ ഫാക്ടറിയാണെന്നും വാഗ്ദാനം നല്‍കിയ പണം ജനങ്ങളുടെ അക്കൗണ്ടലില്ല ഇലക്ടറല്‍ ബോണ്ട് വഴി ബിജെപി അക്കൗണ്ടിലാണ് എത്തിയതെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ്.
അഴിമതിക്കാരെ വെളുപ്പിക്കലും നുണ പ്രചാരണവുമാണ് മോദി ഗ്യാരന്‍റി എന്നും ജനാധിപത്യത്തെയും ഭാരണഘടനയെയും തകര്‍ക്കാന്‍ ഇന്ത്യമുന്നണി അനുവദിക്കില്ലെന്നും എഎപി എംപി സഞ്ജയ് സിങ് പറഞ്ഞു. ടിഎംസി അടക്കം പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കഴെല്ലാം അണി നിരന്ന റാലിയിലേക്ക് ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് രാഹുല്‍ ഗാന്ഘിക്കും പ്രചാരണതിരക്കിലായതിനാല്‍ യെച്ചൂരിക്കും എത്താനായില്ല. ഇതിനിടെ നിസാര വിഷയത്തില്‍ തുടങ്ങിയ കോണ്‍ഗ്രസ് – ആര്‍ജെഡി പ്രവര്‍ത്തകരുടെ വാക്കേറ്റം തമ്മിത്തല്ലില്‍ കലാശിച്ചു. രണ്ടുപേര്‍ക്ക് തലയ്ക്ക് പൊട്ടലേറ്റു. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി.