ബെർലിൻ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും യൂറോപ്യൻ നേതാക്കളുമായും ഓൺലൈൻ സംഭാഷണത്തിനായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ബെർലിനിൽ. അലാസ്കയിൽ വെള്ളിയാഴ്ച നടക്കുന്ന ട്രംപ്-പുടിൻ ഉച്ചകോടിക്ക് മുന്നോടിയായാണ് ജർമനിയുടെ ക്ഷണപ്രകാരം സെലൻസ്കി എത്തിയത്. സെലൻസ്കി ഫ്രാൻസ്, ബ്രിട്ടൻ, പോളണ്ട്, ഫിൻലൻഡ് രാജ്യങ്ങളുമായും യൂറോപ്യൻ യൂനിയനുമായും സംസാരിക്കും. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ട് പങ്കെടുക്കുന്ന ചർച്ചയിൽ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും വൈകി ചേരും.
യുക്രെയ്നെ പങ്കെടുപ്പിക്കാതെ പുടിനുമായി നടത്തുന്ന കൂടിക്കാഴ്ച കിഴക്കൻ യുക്രെയ്നിൽ റഷ്യ പിടിച്ചടക്കിയ ഭൂപ്രദേശങ്ങൾ വിട്ടുനൽകുന്നതടക്കം റഷ്യൻ താൽപര്യങ്ങൾ സംരക്ഷിക്കുന്നതാകുമെന്ന് യൂറോപ്പ് ആശങ്കപ്പെടുന്നുണ്ട്. നിലവിൽ 19 ശതമാനം യുക്രെയ്ൻ ഭൂമി റഷ്യയുടെ നിയന്ത്രണത്തിലാണ്. എന്നാൽ, റഷ്യയുടെ ഒരു തുണ്ട് ഭൂമിയും വരുതിയിലാക്കാൻ യുക്രെയ്നായിട്ടില്ല. എന്നാൽ, ഉച്ചകോടി യുക്രെയ്നിൽ വെടിനിർത്തൽ ലക്ഷ്യമിട്ടാണെന്ന് ട്രംപ് പറയുന്നു.



