പത്തനംതിട്ട : ഭാര്യയെ കുത്തിക്കൊല്ലുകയും ഭാര്യാപിതാവിനെയും സഹോദരിയെയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി ആക്രമണത്തിന് ഉപയോഗിച്ച കത്തി കോയിപ്രം പോലീസ് കണ്ടെടുത്തു. കവിയൂർ കോട്ടൂർ സ്വദേശി അജിയെന്ന ജയകുമാർ (42)ഭാര്യ ശാരി മോളെ (34)കുത്തിക്കൊലപ്പെടുത്താനും . ശാരിയുടെ പിതാവ് കെ ശശി, സഹോദരി രാധാമണി എന്നിവരെ ഗുരുതരമായി പരിക്കേൽപ്പിക്കാനും ഉപയോഗിച്ച കത്തിയാണ് തന്ത്രപരമായ അന്വേഷണത്തിലൂടെ കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കത്തി കണ്ടെത്താനുള്ള തെരച്ചിലിന്റെ ഭാഗമായി , സംഭവശേഷം പ്രതി ട്രെയിനിൽ കായംകുളം മുതൽ ചെങ്ങന്നൂർ വരെ സഞ്ചരിച്ചത് പലതവണ പോലീസ് പുനരാവിഷ്കരിച്ചു. ട്രെയിൻ യാത്രയ്ക്കിടെ കത്തി വലിച്ചെറിഞ്ഞതായി ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവന്ന പ്രതിയെ 12 ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിൽ ഈ വഴിയിലൂടെ പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥർ പലതവണ യാത്ര ചെയ്തു. സ്വതന്ത്രസാക്ഷി എന്ന നിലക്ക് കോയിപ്പുറം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റിനെയും പോലീസ് ഫോട്ടോഗ്രാഫറെയും കൂട്ടിയാണ് യാത്ര നടത്തിയത്. ഇതിലൂടെ പ്രതി കത്തി ഉപേക്ഷിച്ച സ്ഥലം പോലീസ് സംഘം കൃത്യമായി മനസ്സിലാക്കി. കൂടാതെ പല ഘട്ടങ്ങളിലായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ 20 കിലോമീറ്ററോളം നടന്നു നിരീക്ഷിച്ച് പരിശോധന നടത്തുകയും ചെയ്തു.ആവർത്തിച്ചുള്ള ട്രെയിൻ യാത്രകളിലൂടെ കത്തി വലിച്ചെറിഞ്ഞയിടം പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് തഴക്കരയിലെ പൊന്തക്കാടിനുള്ളിൽ നിന്നും കത്തി കണ്ടെടുത്തു. ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിലും, കോയിപ്പുറം പോലീസ് ഇൻസ്പെക്ടർ പി എം ലിപിയുടെ നേതൃത്വത്തിലും നടത്തിയ ശ്രമകരമായ ദൗത്യത്തിൽ എസ് ഐ സുരേന്ദ്രൻ, എ എസ് ഐ ഷിബുരാജ്, എസ് സിപിഓ സുരേഷ്, സി പി ഓമാരായ ഇർഷാദ്, കേശു, അരവിന്ദ് റഷാദ് എന്നിവർ പങ്കെടുത്തു. സംഭവശേഷം മുങ്ങിയ പ്രതിയെ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിൽ നാലാം ദിവസം പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു . ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അന്വേഷണം നേരിട്ട് ഏകോപിപ്പിച്ചു. തിരുവല്ല നഗരത്തിൽ പ്രതിയുണ്ടെന്ന രഹസ്യ വിവരം സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ആസൂത്രിത നീക്കത്തിലാണ് നഗരത്തിൽ നിന്നും പ്രതിയെ പിടികൂടിയത്. കോയിപ്രം എസ് എച്ച് ഓ പി എം ലിബിക്കാണ് അന്വേഷണചുമതല. 16 അംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. തിരുവല്ല പോലീസ് ഇൻസ്പെക്ടർ എസ് സന്തോഷ്, പുളിക്കീഴ് പോലീസ് ഇൻസ്പെക്ടർ എസ് അജിത് കുമാർ കീഴ്‌വായ്‌പ്പൂർ പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥൻ കീഴ്‌വായ്‌പ്പൂർ എസ് ഐ ബി എസ് ആദർശ് കോയിപ്രം എസ് ഐ ആർ രാജീവ് തിരുവല്ല എസ് ഐ ജി ഉണ്ണികൃഷ്ണൻ, തിരുവല്ല എസ് സിപിഓമാരായ മനോജ്,അഖിലേഷ്, കീഴ്വായ്പൂർ സിപിഓ മാരായ ഡി ദീപു, വിഷ്ണുദേവ്, തിരുവല്ലയിലെ സിപിഓ മാരായ അവിനാഷ്, ടോജോ തോമസ് കോയിപ്പുറം സിപിഓ മാരായ അനന്തകൃഷ്ണൻ,വിഷ്ണു,റഷാദ്, ജയേഷ് എന്നിവരാണ് അംഗങ്ങൾ.



