മോസ്കോ: വാട്ട്‌സാപ്പ്, ടെലിഗ്രാം മെസേജിംഗ് ആപ്പുകളിലൂടെയുള്ള വോയ്‌സ് കോളുകൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് റഷ്യ. ഇന്റർനെറ്റിന് മേലുള്ള നിയന്ത്രണം കർശനമാക്കാനുള്ള ഏറ്റവും പുതിയ നീക്കത്തിന്‍റെ ഭാഗമായാണിത്.
റഷ്യയിലെ വാട്ട്‌സാപ്പിന്‍റെ 96 ദശലക്ഷത്തോളം ഉപയോക്താക്കളെയും ടെലിഗ്രാമിന്റെ 89 ദശലക്ഷത്തിലധികം ഉപയോക്താക്കളെയും പുതിയ നിയന്ത്രണം ബാധിക്കുമെന്നും റഷ്യൻ മീഡിയ മോണിറ്ററിംഗ് സർവീസായ മീഡിയസ്കോപ്പ് പറയുന്നു.
വഞ്ചന,പണം തട്ടിയെടുക്കല്‍,അട്ടിമറി,തീവ്രവാദം തുടങ്ങിയവക്ക് ഉപയോഗിക്കുന്ന പ്രധാന വോയ്സ് സേവനങ്ങളായി ടെലിഗ്രാമും വാട്ട്‌സാപ്പും മാറിക്കഴിഞ്ഞതായി റഷ്യയുടെ മീഡിയ, ഇന്റർനെറ്റ് റെഗുലേറ്ററായ റോസ്‌കോംനാഡ്‌സർ പ്രസ്താവനയിലൂടെ അറിയിച്ചു. കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിന് ഈ നടപടി ആവശ്യമാണെന്നും ഇവര്‍ പറയുന്നു. ഈ രണ്ട് പ്ലാറ്റ്‌ഫോമുകളിലെ വോയ്‌സ് കോളുകൾ മാത്രമേ നിയന്ത്രിച്ചിട്ടുള്ളൂ എന്നാണ് അധികൃതർ പറഞ്ഞെങ്കിലും വീഡിയോ കോളുകളെയും ഇന്‍റര്‍നെറ്റ് നിയന്ത്രണം ബാധിച്ചതായി റഷ്യയിലെ ഉപയോക്താക്കളും റിപ്പോർട്ട് ചെയ്തു.



