തെൽ അവിവ്: ഹമാസ് അംഗീകരിച്ച ഗസ്സ വെടിനിർത്തൽ കരാറിൽ വെള്ളിയാഴ്ചയോടെ പ്രതികരിക്കാമെന്ന് ഇസ്രായേൽ. ഖത്തറും ഈജിപ്തും യു.എസും മധ്യസ്ഥരായുള്ള വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിക്കാൻ ശക്തമായ ആഗോള സമ്മർദം പരിഗണിച്ചാണ് പുതിയ നീക്കം. 62,000 കടന്ന് ഇസ്രായേൽ കുരുതി തുടരുന്ന ഗസ്സയിൽ അടിസ്ഥാന സൗകര്യങ്ങൾ 90 ശതമാനത്തിലേറെയും ഇസ്രായേൽ നാമാവശേഷമാക്കിയിട്ടുണ്ട്.
ഫലസ്തീനികൾ തിങ്ങിക്കഴിയുന്ന ഗസ്സ സിറ്റിയും തരിപ്പണമാക്കി പിടിച്ചെടുക്കാൻ നീക്കങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് അവസാനവട്ട വെടിനിർത്തൽ ശ്രമം. 60 നാൾ താൽക്കാലിക വെടിനിർത്തൽ കരാർ പ്രകാരം ജീവനോടെയുള്ള ബന്ദികളിൽ പകുതിയും 18 മൃതദേഹങ്ങളും ഘട്ടംഘട്ടമായി വിട്ടുകൊടുക്കും. നൂറുകണക്കിന് ഫലസ്തീനി തടവുകാരെയും മോചിപ്പിക്കും. നേരത്തേ യു.എസ് പ്രതിനിധി വിറ്റ്കോഫ് അവതരിപ്പിച്ചതിന് സമാനമായ നിർദേശങ്ങളാണ് പുതിയ കരാറിലുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. താൽക്കാലിക വെടിനിർത്തൽ തീരുന്ന മുറക്ക് ശാശ്വത യുദ്ധവിരാമ ചർച്ചകളും നടക്കും.



