തിരുവനന്തപുരം: യൂടേൺ എടുക്കാനായി വാഹനം മാറ്റുന്നതിന്റെ പേരിൽ നടുറോഡിൽ പോർവിളിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഇന്നലെ രാത്രിയാണ് വെള്ളയമ്പലത്ത് വെച്ച് കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയും മാധവ് സുരേഷും തമ്മിൽ തർക്കമുണ്ടായത്. ഒടുവിൽ പോലീസ് എത്തി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ശാസ്തമംഗലത്തുളള വീട്ടിൽ നിന്ന് വെള്ളയമ്പലം ഭാഗത്തേക്ക് കാറിൽ പോകുകയായിരുന്നു മാധവ് സുരേഷ്. എതിർ ഭാഗത്ത് നിന്ന് വന്ന കെപിസിസി അംഗം വിനോദ് കൃഷ്ണയുടെ വാഹനം യുടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ മാധവ് സുരേഷിന്റെ കാറുമായി നേർക്ക് നേർ വരികയായിരുന്നു. എന്നാൽ കൂട്ടിയിടിച്ചില്ല.വാഹനങ്ങൾ നടുറോഡിൽ നിർത്തിയിട്ട് ഇരുവരും തമ്മിൽ തർക്കമായി. കാറിൽ നിന്ന് ഇറങ്ങി വന്ന മാധവ് സുരേഷ് ആരോപിച്ചത് വിനോദ് കൃഷ്ണ തന്റെ കാറിലടിച്ചു എന്നാണ്. പകരമായി മാധവ് വിനോദ് കൃഷ്ണയുടെ കാറിന്റെ ബോണറ്റിൽ അടിച്ചു. പോലീസ് വരാതെ താൻ ഇവിടെ നിന്ന് പോകില്ലെന്നും മാധവ് പറഞ്ഞു. റോഡിൽ 15 മിനുറ്റോളമാണ് ഇരുവരും തർക്കിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.



