തിരുവനന്തപുരം: ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് ചെയർപേഴ്‌സണായ പുനഃസംഘടിപ്പിക്കപ്പെട്ട പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ ആദ്യത്തെ യോഗവും അദാലത്തും തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന കമ്മീഷൻ ആസ്ഥാനത്ത് നടന്നു

. കമ്മീഷൻ അംഗങ്ങളായി നിയമിതരായ പി.എം ജാബിർ, എം.എം നയീം, ജോസഫ് ദേവസ്സ്യ പൊൻമാങ്കൽ എന്നിവരും ഇന്ന് ചുമതലയേറ്റു. കമ്മീഷൻ അംഗം ഡോ. മാത്യൂസ് കെ ലൂക്കോസ് മന്നിയോട് നേരത്തേ ചുമതലയേറ്റിരുന്നു. ഇവരെ കൂടാതെ കമ്മീഷൻ സെക്രട്ടറിയും (ജയറാം കുമാർ ആർ) ഉൾപ്പെടുന്നതാണ് എൻ.ആർ.ഐ കമ്മീഷൻ. റിക്രൂട്ട്‌മെന്റ്‌വിസാ തട്ടിപ്പുകൾ, ഫണ്ട് തിരിമറി, അതിർത്തി തർക്കം, ആനുകൂല്യം നിഷേധിക്കൽ, ബിസിനസ്സ് തർക്കം, കുടുംബ തർക്കം, ഉപേക്ഷിക്കൽ, ഇങ്ങിനെ വൈവിധ്യങ്ങളായ നിരവധി പരാതികൾ കമ്മീഷൻ കേൾക്കുകയും തീർപ്പു കൽപിക്കുകയും ചെയ്തു. മേഖലാതല അദാലത്തുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അടുത്ത അദാലത്ത് എറണാകുളത്ത് കലക്ട്രേറ്റിൽ സെപ്റ്റംബർ 16 ന് രാവിലെ പത്തിന് നടക്കും. പ്രവാസികളുടെ സ്വത്തിനെയും ജീവനെയും സംബന്ധിക്കുന്ന ഏതു വിഷയവും അർദ്ധ ജുഡീഷ്യൽ രീതിയിൽ പ്രവർത്തിക്കുന്ന പ്രവാസി കമ്മീഷൻ മുമ്പാകെ ഉന്നയിക്കാവുന്നതാണ്. ചെയർ പേഴ്‌സൺ, എൻ.ആർ.ഐ.കമ്മീഷൻ (കേരള), നോർക്കാ സെന്റർ, തൈക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തിലോ [email protected] ഇ മെയിലിലോ പരാതികൾ അറിയിക്കാവുന്നതാണ്.

പ്രവാസി ഭാരതീയരായ കേരളീയരുടെയും അവരുടെ കുടുംബത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുക, പ്രവാസികേരളീയരുടെ കേരളത്തിലുള്ള നിക്ഷേപങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുക, അനധികൃത വിദേശ തൊഴിൽ റിക്രൂട്ട്‌മെന്റുകൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് കമ്മീഷന്റെ പ്രധാന ചുമതലകൾ.

പ്രവാസികളുടെ പരാതികളിന്മേലും ചില സന്ദർഭങ്ങളിൽ സ്വമേധയായും കമ്മീഷൻ ഇടപെടുന്നു. പരാതികൾ പരിഗണിക്കുവാൻ കമ്മീഷൻ നിശ്ചിത ഇടവേളകളിൽ സംസ്ഥാനത്തുടനീളം സിറ്റിംഗുകളും/അദാലത്തുകളും സംഘടിപ്പിച്ചു വരുന്നു.



