റിയാദ്: സൗദിയിൽ കനത്ത മഴ.. സൗദിയുടെ തെക്കുപടിഞ്ഞാറ് മേഖലയായ അസീറിലാണ് കനത്ത മഴയും പ്രളയും ഉണ്ടായത്. പളയത്തിൽ ഒട്ടേറെ കാറുകൾ ഒലിച്ചുപോയി. ആളപായമുള്ളതായി റിപ്പോർട്ടില്ല. സമീപ പ്രദേശങ്ങളിൽ നിന്ന് അസീറിലെ റോഡുകളിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. രാജ്യത്തുടനീളം തിങ്കളാഴ്ച വരെ കനത്ത മഴക്കും ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കനത്ത മഴ മൂലം വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയും ആലിപ്പഴ വർഷവും പ്രവചിച്ചിട്ടുണ്ട്. നജ്രാൻ, ജിസാൻ, അസീർ, അൽ ബാഹ, മക്ക, മദീന എന്നിവിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യത പ്രതീക്ഷിക്കുന്നു. കിഴക്കൻ പ്രവിശ്യ, റിയാദ് ഹായിൽ, അൽ ഖസീം എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടേക്കാം. കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. താഴ്വരകളിലേക്കും വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലേക്കും പോകരുതെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.



