ദില്ലി: ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ വലിയ ആശങ്കയെന്ന് ഇന്ത്യ. മേഖലയിലെ സമാധാനവും സുരക്ഷയും അപകടത്തിലാക്കരുതെന്നും സംയമനം പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നയതന്ത്രത്തിന്റെ വഴി തേടണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ് ഇന്ത്യ.
ലോകരാജ്യങ്ങളെ ഞെട്ടിച്ച് കൊണ്ടാണ് ഖത്തറിൽ ഇസ്രയേലിന്‍റെ ആക്രമണം നടന്നത്. വെടിനിർത്തൽ ചർച്ചയ്ക്കായി ഖത്തറിലെ ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണം. ഹമാസ് നേതാക്കൾ ഒത്തുകൂടിയ ദോഹയിലെ കെട്ടിടം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തു. ഹമാസ് തലവനടക്കം ആര് പേരെ വധിച്ചെന്നും അമേരിക്കയെ അറിയിച്ച ശേഷമാണ് ആക്രമണമെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ ഒരു ഖത്തർ ആഭ്യന്തര സുരക്ഷ സേനാംഗവും കൊല്ലപ്പെട്ടു. നിരവധി സേനാംഗങ്ങൾക്ക് പരിക്കേറ്റു. അതേസമയം, ഇക്കാര്യം ഹമാസ് നിഷേധിക്കുന്നു. ആക്രമണത്തെ അതിജീവിച്ചെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്.



