കായംകുളം: വിവാദ ഇടപാടുകാരൻ ദല്ലാൾ നന്ദകുറിൽ നിന്നും 10 ലക്ഷം രൂപ രൂപ കൈപ്പറ്റിയെന്നത് സമ്മതിച്ച് ബി.ജെ.പി നേതാവും ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രൻ. സഹോദരിക്ക് സാമ്പത്തിക പ്രയാസം വന്നപ്പോൾ വസ്തു വിൽക്കുന്നതിനുള്ള അഡ്വാൻസ് തുകയായിട്ടാണ് ഒരുവർഷം മുമ്പ് പണം വാങ്ങിയതെന്നും എന്നാൽ ഇതുവരെ കച്ചവടം നടന്നിട്ടില്ലെന്നും തുക തിരിച്ചുകൊടുത്തിട്ടില്ലെന്നും ശോഭ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തന്‍റെ കൈയ്യിൽ നിന്നും ഒരുവർഷം മുമ്പ് ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ വാങ്ങിയെന്നും പണം ഇതുവരെ തിരികെ നൽകിയില്ലെന്നും നന്ദകുമാർ ഇന്ന് രാവിലെ തെളിവുസഹിതം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശോഭ. ആലപ്പുഴയിൽ താൻ വിജയിക്കുമെന്ന് കണ്ടാണ് പുതിയ ആരോപണവുമായി സി.പി.എം ഒത്താശയോടെ നന്ദകുമാർ രംഗത്തുവന്നതെന്ന് അവർ പറഞ്ഞു.
‘കഴിഞ്ഞതവണ കഴക്കൂട്ടത്ത് മൽസരിച്ചപ്പോഴും സമാന അനുഭവമുണ്ടായി. അന്ന് കൃത്രിമ വീഡിയോ പുറത്തിറക്കിയാണ് അപമാനിക്കാൻ ശ്രമിച്ചത്. പ്രസിദ്ധീകരിച്ചവർക്ക് തന്നെ അത് തെറ്റാണെന്ന് പിന്നീട് മനസിലായി. സഹോദരി ഭർത്താവ് അർബുദ ബാധിതനായി ചികിത്സയിലാണ്. ഇതിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തന്‍റെ പേരിലുള്ള എട്ട് സെന്‍റ് സ്ഥലം നന്ദകുമാറിന് വിൽക്കാൻ തയ്യാറായത്.
ഇതിനായി 10 ലക്ഷം നേരിൽ തരാമെന്ന് ദല്ലാൾ പറഞ്ഞു. അക്കൗണ്ടിലൂടെയാണ് താൻ വാങ്ങിയത്. എന്നാൽ ബാക്കി തുക നൽകി ഭൂമി ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതിനാലാണ് മുൻകൂറായി നൽകിയ പണം തിരികെ നൽകാത്തത്. മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇടപാടായിരുന്നുവെങ്കിൽ അക്കൗണ്ടിലൂടെ പണം വാങ്ങുമായിരുന്നോ. പലതവണ ദല്ലാളിനെ വിളിച്ചിട്ടും ഇയാൾ സ്ഥലം വാങ്ങാൻ തയ്യാറായില്ല. വിഷയത്തിൽ നിയമപരമായി ഇടപെടാൻ അയാൾ തയ്യാറാകാതിരുന്നത് തന്‍റെ ഭാഗം ശരിയായത് കൊണ്ടാണെന്നും ശോഭ പറഞ്ഞു.