ദുബായ് : യുഎഇയിൽനിന്ന് കേരളത്തിലേക്ക് ശരാശരി വിമാന ടിക്കറ്റ് നിരക്ക് 5500 രൂപ. എന്നാൽ കേരളത്തിൽനിന്ന് യുഎഇയിലേക്കു വരാൻ ഈ നിരക്കിന്റെ പത്തിരട്ടി തുക നൽകണം. സീസണിന്റെ പേരിലാണ് ഒരേ യാത്രാ ദൂരമുള്ള രണ്ടു സെക്ടറുകളിലേക്ക് വിമാന ടിക്കറ്റ് നിരക്കിൽ ഇത്രയും അന്തരം.
മധ്യവേനൽ അവധി കഴിഞ്ഞ് ഗൾഫിലെ സ്കൂളുകൾ തുറന്ന് 2 ആഴ്ച പിന്നിട്ടിട്ടിട്ടും കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ കാര്യമായ കുറവില്ല. പല വിമാനങ്ങളിലും സീറ്റില്ല. ഉള്ളവയ്ക്കാകട്ടെ പൊള്ളുന്ന നിരക്കും. നാലംഗ കുടുംബത്തിന് തിരിച്ചുവരാൻ രണ്ടു ലക്ഷത്തോളം രൂപ വേണം. ഓണം ആഘോഷിക്കാൻ നാട്ടിൽ പോയവരെ കൂടി പിഴിയാനാണ് വിമാന കമ്പനികൾ നിരക്ക് കൂട്ടിയത്. ഈ മാസം മൂന്നാം വാരത്തിലേ നിരക്ക് അൽപമെങ്കിലും കുറയൂ എന്നാണ് ട്രാവൽ ഏജൻസി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതുമൂലം നിരക്ക് കുറയുന്നതും കാത്തിരുന്ന പ്രവാസി കുടുംബങ്ങളും വെട്ടിലായി.
സ്കൂളിൾ പഠിക്കുന്ന മക്കളുടെ വിലപ്പെട്ട ക്ലാസുകളാണ് നഷ്ടപ്പെടുന്നത്. ഇതുമൂലം വൻ തുക നൽകി പലരും കണക്ഷൻ വിമാനത്തിലും പ്രത്യേക വിമാനത്തിലും യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നു.



