കൊച്ചി: ആഗോള അയ്യപ്പസംഗമത്തിൽ ഹൈക്കോടതിയുടെ നിർദേശങ്ങൾ പാലിക്കാതെ ദേവസ്വം ബോർഡ്. അയ്യപ്പ സംഗമ ദിവസം വെർച്വൽ ക്യൂ സ്ലോട്ട് അഞ്ചിൽ ഒന്നായി കുറയ്ക്കുകയും 19, 20 തീയതികളിൽ പതിനായിരം ഭക്തർക്ക് മാത്രം പ്രവേശനമായി ചുരുക്കുകയും ചെയ്തു. മാസപൂജകൾക്കായി സാധാരണ അനുവദിച്ചിരുന്നത് 50,000 സ്ലോട്ടുകളായിരുന്നു. നിലവിൽ അനുവദിച്ചിരിക്കുന്ന പതിനായിരം സ്ലോട്ടുകളിൽ 20ാം തീയതി 1300ഓളം സ്ലോട്ടുകൾ മാത്രമാണ് ബാക്കിയുള്ളത്.അയ്യപ്പ സംഗമം സാധാരണ ഭക്തരെ ബാധിക്കരുത് എന്ന കർശന നിർദേശം ഹൈക്കോടതി മുന്നോട്ട് വച്ചിരുന്നു. ഇതിനിടെയാണ് അയ്യപ്പ സംഗമത്തിനെത്തുന്ന പ്രതിനിധികൾക്ക് ദർശനമൊരുക്കാൻ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ മാസപൂജകൾക്ക് 10,000ൽ കൂടുതൽ ഭക്തർ എത്തില്ല എന്നാണ് സംഭവത്തിൽ ദേവസ്വം ബോർഡിന്റെ വിശദീകരണം.പമ്പാ തീരത്ത് ഈ മാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പ സംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.



