അബുദാബി: അബുദാബി രാജ്യാന്തര പുസ്തകമേള (എഡിഐബിഎഫ്) 33-ാമത് എഡിഷനോട് അനുബന്ധിച്ച് വിലക്കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചു. ഈ മാസം 29ന് ‘ലോക കഥകൾ അനാവരണം ചെയ്യുന്നയിടം’ എന്ന പ്രമേയത്തിൽ അബുദാബി ടൂറിസം ആൻഡ് കൾച്ചർ ഡിപ്പാർട്ട്‌മെന്റിന്‍റെ (DCT) സഹകരണത്തോടെ അബുദാബി അറബിക് ലാംഗ്വേജ് സെന്‍റർ (എഎൽസി) സംഘടിപ്പിക്കുന്ന മേള മെയ് 12 വരെ നീണ്ടുനിൽക്കും. അബുദാബി നാഷനൽ എക്സിബിഷൻ സെന്‍ററിലാണ് മേള ക്രമീകരിച്ചിരിക്കുന്നത്.
മേളയുടെ ടിക്കറ്റ് ഉപയോഗിച്ച് ഖസർ അൽ ഹൊസ്ൻ, ലൂവ്രെ അബുദാബി മ്യൂസിയങ്ങൾ സൗജന്യമായി ഒരു തവണ സന്ദർശിക്കാം. ഓരോ ടിക്കറ്റും രണ്ടാഴ്ചത്തേക്ക് സാധുവാണ്. മേളയുടെ പ്രസിദ്ധീകരണ പങ്കാളികൾ നിന്ന്ഇളവുകളും എക്സ്ക്ലൂസീവ് ഓഫറുകളും ലഭിക്കും. റൂഫൂഫ് പ്ലാറ്റ്‌ഫോം വെറും 30 ദിർഹത്തിന് മൂന്ന് മാസത്തെ പ്രത്യേക സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നു.സ്റ്റോറിടെൽ പ്ലാറ്റ്‌ഫോം മേളയുടെ കാലയളവിൽ 60% വരെ കിഴിവ് നൽകുന്നു. ഇഖ്‌റാലി പ്ലാറ്റ്‌ഫോമിൽ 50% വരെ കിഴിവ് ലഭിക്കും. ദിവാൻ പബ്ലിഷിങ്ങുമായി സഹകരിച്ച് ഇഖ്‌റാലി പ്രത്യേക ഓഫറുകളും നൽകുന്നുണ്ട്.
ഈജിപ്ഷ്യൻ നോവലിസ്റ്റ് നഗ്യൂബ് മഹ്ഫൂസിനെ ഈ വർഷത്തെ അബുദാബി രാജ്യാന്തര പുസ്തകമേളയുടെ വ്യക്തിത്വമായി ആദരിക്കും. ഈജിപ്ത് തന്നെയാണ് ഈ വർഷത്തെ അതിഥി രാജ്യം. മേളയുടെ മുഴുവൻ സമയത്തും ‘ഇഖ്റാലി’ ആപ്ലിക്കേഷനിൽ നഗ്യൂബ് മഹ്ഫൂസിന്‍റെ വാക്കുകൾ സൗജന്യമായി കേൾക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും.