കോയമ്പത്തൂർ: ആളിയാർ മേഖലയിൽ വൈദ്യുതി വകുപ്പ് ജീവനക്കാർ യാത്ര ചെയ്ത ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. ജീപ്പിലുണ്ടായിരുന്ന ജീവനക്കാർ തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ആനമലൈ മലനിരകളുടെ അടിവാരത്തുനിന്ന് അപ്പർ ആളിയാർ ഡാമിലേക്ക് പോകുംവഴിയായിരുന്നു കൊമ്പന്റെ ആക്രമണം ഉണ്ടായത്. തമിഴ്‌നാട് വൈദ്യുതി വകുപ്പിൽ ജീവനക്കാരായ വിശ്വനാഥൻ, സെൽവരാജ്, സന്തോഷ് എന്നിവരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥർ നവമലൈ ഭാഗത്തെത്തിയപ്പോൾ റോഡിൽ ഒറ്റയ്ക്ക് നിൽക്കുകയായിരുന്ന കൊമ്പനെ കണ്ടു. ഉടൻ തന്നെവണ്ടി തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും കലി പൂണ്ട കൊമ്പൻ വാഹനം കുത്തിമറിച്ചിട്ടു.റോഡിന് വശത്തുള്ള കുഴിയിലേക്കാണ് ജീവനക്കാരുള്ള വാഹനം വീണത്. കുഴിക്ക് വലിയ താഴ്ച ഇല്ലാതിരുന്നതിനാൽ ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.