ന്യൂഡൽഹി:ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും. എംപിമാർ, മുൻ പാർലമെന്റ് സ്പീക്കർമാർ, മുഖ്യമന്ത്രിമാർ, സിനിമാ താരങ്ങൾ തുടങ്ങിയവർക്ക് ക്ഷണമുണ്ട്. അതേസമയം, കോൺഗ്രസ് ഉൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികൾ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും.
രാവിലെ ഏഴര മുതൽ ഒമ്പത് വരെ നീളുന്ന പൂജാ ചടങ്ങുകൾക്ക് ശേഷം 12 നാണ് ഉദ്ഘാടനം നടക്കുക. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സ്മരണക്കായി 75 രൂപയുടെ നാണയവും പുറത്തിറക്കും. ഉദ്ഘാടത്തിന് മുന്നോടിയായി സ്വർണ ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ചടങ്ങ്. തമിഴ്നാട്ടിലെ പൂജാരിമാരുടെ സംഘമാണ് ചെങ്കോൽ കൈമാറിയത്. ലോക്‌സഭയിൽ സ്ഥാപിക്കുന്ന ചെങ്കോൽ നിർമിച്ച വുമ്മിടി കുടുംബത്തിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. ഇവരെ പ്രധാനമന്ത്രി ആദരിക്കും.
പാര്‍ലമെന്റിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ മോദിക്ക് പകരം മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കേണ്ടതായിരുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. പ്രസിഡന്റിനെ മാറ്റിനിർത്തി പുതിയ പാർലമെന്റ് മന്ദിരം സ്വയം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം അപമാനകരം മാത്രമല്ല, ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് പറഞ്ഞാണ് 20 പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.