പാലക്കാട്: സംസ്ഥാനത്തെ ജനങ്ങൾ ഭാരത് അരി ഏറ്റെടുക്കുമ്പോൾ, വിതരണം തടയാൻ ശ്രമിച്ച് സിഐടിയു. ഭാരത് അരിയുടെ വിതരണം നടത്താൻ സമ്മതിക്കില്ലെന്ന് സിഐടിയു പ്രവർത്തകർ പറഞ്ഞു. പാലക്കാട് എലപ്പുള്ളി ഭാഗത്ത് വിതരണത്തിനെത്തിച്ച ഭാരത് അരിയാണ് സിഐടിയു പ്രവർത്തകർ തടഞ്ഞു വച്ചത്. അരി വിതരണം ചെയ്യണമെങ്കിൽ തങ്ങൾക്ക് നോക്കുകൂലി തരണമെന്നായിരുന്നു ഇവരുടെ ആവശ്യം.
എലപ്പുള്ളി പാറ ജംഗ്ഷനിലാണ് സംഭവം നടന്നത്. ഇതോടെ സിഐടിയുക്കാരുടെ എതിർപ്പ് വക വെക്കാതെ വിതരണക്കാർ തുടർന്നും അരിവിതരണംചെയ്യുകയായിരുന്നു.
ഭാരത് അരിക്ക് ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പദ്ധതികളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന മറ്റു പാർട്ടിക്കാർ ഭാരത് അരിയുടെ വിതരണം തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഭാരത് അരി മികച്ച രീതിയിലാണ് വിറ്റു പോകുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഭാരത് അരി വാങ്ങാൻ എത്തിയത് നിരവധി പേരാണ്. ജനങ്ങളുടെ തിരക്ക് കാരണം പിന്നീട് ടോക്കൺ അടിസ്ഥാനത്തിൽ ആയിരം പേർക്കാണ് അരി നൽകിയത്.