Wednesday, November 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമാർത്തോമൻ പാരമ്പര്യം വിളിച്ചോതി മലങ്കര ഓർത്തഡോക്‌സ് സഭ പൈതൃകറാലി

മാർത്തോമൻ പാരമ്പര്യം വിളിച്ചോതി മലങ്കര ഓർത്തഡോക്‌സ് സഭ പൈതൃകറാലി

കോട്ടയം: മാർത്തോമൻ പാരമ്പര്യം പ്രഘോഷിച്ച് ആയിരക്കണക്കിന് വിശ്വാസികളെ അണിനിരത്തി മലങ്കര ഓർത്തഡോക്‌സ് സഭയുടെ മാർത്തോമൻ പൈതൃക റാലി. കോട്ടയം നഗരത്തെ വിശ്വാസി സാഗരമാക്കിയ റാലിയിൽ ഓർത്തഡോക്‌സ് സഭയുടെ വിവിധ ഭദ്രാസനങ്ങളിൽനിന്നായി പതിനായിരങ്ങൾ അണിനിരന്നു.

കോട്ടയം എം.ഡി സെമിനാരി കത്തീഡ്രലിൽനിന്ന് ഞായറാഴ്ച ഉച്ചക്ക് 2.45ഓടെയാണ് മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന പടുകൂറ്റൻ റാലിക്ക് തുടക്കമായത്. ഘോഷയാത്ര തോമസ് ചാഴികാടന്‍ എം.പി ഫ്ലാഗ്ഓഫ് ചെയ്തു. മെത്രാപ്പോലീത്തമാരും സഭ സ്ഥാനികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും മുന്‍നിരയില്‍ അണിനിരന്നു. ബസേലിയോസ് കോളജ് മൈതാനി, മാർ ഏലിയാസ് കത്തീഡ്രൽ എന്നിവിടങ്ങളിൽ ഭദ്രാസനാടിസ്ഥാനത്തിൽ അണിനിരന്ന വിശ്വാസികൾ പിന്നാലെ ചേർന്നു. ഓരോ ഭദ്രാസനങ്ങളുടെയും ബാനറുകൾക്ക് പിന്നിലായി വൈദികരും വിശ്വാസികളും അണിനിരന്നു. മാർത്തോമൻ പാരമ്പര്യം കൈവിടില്ലെന്ന മുദ്രാവാക്യത്തിനൊപ്പം കാതോലിക്കാസിന് ജയ് വിളികളും ഉയർന്നു. വാദ്യമേളങ്ങളും നസ്രാണി കലാരൂപങ്ങളും റാലിയിൽ അണിചേർന്നു.

കെ.കെ റോഡിലൂടെയെത്തി സെന്‍ട്രല്‍ ജങ്ഷൻ, ശാസ്ത്രി റോഡ് എന്നിവിടങ്ങളിലൂടെ കുര്യന്‍ ഉതുപ്പ് വഴി റാലി നെഹ്‌റു സ്റ്റേഡിയത്തിലെത്തി. റോഡ് നിറഞ്ഞ് വിശ്വാസികൾ അണിനിരന്ന റാലിയുടെ അവസാനഭാഗം മൂന്നു മണിക്കൂറിലേറെ സമയമെടുത്താണ് സ്റ്റേഡിയത്തിലെത്തിയത്.

മുൻനിര സ്റ്റേഡിയത്തിലേക്ക് എത്തിയതിനുപിന്നാലെ വൈകീട്ട് 4.15ഓടെ പൈതൃകസംഗമ സമ്മേളനം ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു.

മന്ത്രിമാരായ വി.എന്‍. വാസവന്‍, വീണ ജോര്‍ജ്, എം.എൽ.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ പ്രതിനിധി മെത്രാപ്പോലീത്ത ആന്‍റണി, ഇത്യോപ്യന്‍ സഭ പ്രതിനിധി മെത്രാപ്പോലീത്ത അബ്ബാ മെല്‍കിദേക്ക് നുര്‍ബെഗന്‍ ഗെദ, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ് എബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങിനിടെ ജന്മദിനമാഘോഷിച്ച ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയെ ഗവർണർമാർ ഷാൾ അണിയിച്ച് ആദരിച്ചു.

മലങ്കര ഓർത്തഡോക്‌സ് സഭയുടെ നേതൃത്വത്തിൽ കോട്ടയത്ത് നടത്തിയ മാർത്തോമൻ പൈതൃക സംഗമത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയും സംഭാഷണത്തിൽ. ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള സമീപം 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments