കൊച്ചി: ബി.ജെ.പിക്കാരൻ വന്ന് സീറ്റ് തന്നാല്‍ ചാടുന്നവനല്ല താനെന്ന് ട്വന്റി20 നേതാവ് സാബു എം ജേക്കബ്. കെ. സുരേന്ദ്രനെ നേരിട്ടു കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹത്തിന്റെ വിശദീകരണം. കോൺഗ്രസ്-സി.പി.എം നേതാക്കളെല്ലാം മുൻപ് സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ ട്വന്റി20 സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ചാർളി പോളാണ് ട്വന്റി20ക്കായി ജനവിധി തേടുക.
ബി.ജെ.പിയുടെയോ സി.പി.എമ്മിന്റെയോ കോൺഗ്രസിന്റെയോ സീറ്റ് കിട്ടുന്നതിൽ ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2021ൽ കോൺഗ്രസ് നേതാക്കളായ വി.ഡി സതീശനും രമേശ് ചെന്നിത്തലയും വീട്ടിൽ വന്നിരുന്നു. അന്ന് അഞ്ച് സീറ്റാണ് ഓഫർ ചെയ്തത്. മന്ത്രി പി. രാജീവ് ഉൾപ്പെടെ സി.പി.എം നേതാക്കളും തന്നെ വന്നു കണ്ടു. അഞ്ചുതവണയാണ് രാത്രി പാത്തും പതുങ്ങിയും അവർ തന്റെ വീട്ടിൽ വന്നതെന്നും സാബു എം. ജേക്കബ് വെളിപ്പെടുത്തി.
അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയല്ല താൻ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കാരൻ വന്ന് ഒരു സീറ്റ് തന്നാൽ പോകുന്ന ആളല്ല ഞാൻ. എന്നെ സംഘിയാക്കുകയാണ്. ജനങ്ങൾക്ക് എന്നെ അറിയാം. കെ. സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ചയായി സ്റ്റേഷനുകൾ കയറിയിറങ്ങുകയാണ്. എന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ അതിന് ഒരാഴ്ച മുൻപ് മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യിക്കും. തന്റെ കൈയിലുള്ളത് ആറ്റം ബോംബാണെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു.